വൈദികര്‍ സങ്കീര്‍ത്തികളില്‍ നിന്നു പുറംലോകത്തേക്കിറങ്ങണമെന്നു മാര്‍പാപ്പ

വൈദികര്‍ സങ്കീര്‍ത്തികളില്‍ നിന്നു പുറംലോകത്തേക്കിറങ്ങണമെന്നു മാര്‍പാപ്പ

സങ്കീര്‍ത്തികളില്‍ അടച്ചിരിക്കാതെ സുവിശേഷത്തിനായി കാത്തു നില്‍ക്കുന്ന പുറംലോകത്തേക്കിറങ്ങി ചെല്ലാന്‍ വൈദികര്‍ തയ്യാറാകണമെന്നു ഫ്രാന്‍സീസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. റോമിലെ ലൊംബാര്‍ദ് പൊന്തിഫിക്കല്‍ സെമിനാരി അംഗങ്ങളോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. പയസ് പതിനൊന്നാമന്‍ മാര്‍പാപ്പ പഠിച്ച സെമിനാരിയാണിതെന്നു മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. സെ.പീറ്റേഴ്‌സ് ബസിലിക്കയുടെ പുറത്തു കടന്ന് അങ്കണത്തിലുള്ള ജനങ്ങളെ മട്ടുപ്പാവില്‍ നിന്നു കാണുന്ന പാരമ്പര്യത്തിനു തുടക്കം കുറിച്ചതു പയസ് പതിനൊന്നാമന്‍ മാര്‍പാപ്പയാണ്. നമ്മള്‍ തുറവിയുള്ളവരാകണമെന്നും നമ്മുടെ ശുശ്രൂഷയുടെ ചക്രവാളം ലോകത്തിന്റെ മാനങ്ങളിലേയ്ക്കു വികസിപ്പിക്കണമെന്നും ആണ് ഈ മാറ്റത്തിലൂടെ പയസ് പതിനൊന്നാമന്‍ ഓര്‍മ്മിപ്പിച്ചത്. നമുക്കു സുഖകരമായ ചെറുസംഘങ്ങളില്‍ നിന്നു പുറത്തു കടക്കാന്‍ നാം തയ്യാറാകണം. - ഫ്രാന്‍സീസ് മാര്‍പാപ്പ വിശദീകരിച്ചു.

1939 വരെ സഭയെ നയിച്ച പയസ് പതിനൊന്നാമന്‍ മാര്‍പാപ്പാ സാമൂഹ്യപ്രസക്തമായ നിരവധി ചാക്രികലേഖനങ്ങള്‍ പുറപ്പെടുവിച്ചതായി ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള വിടവ് വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്. കോവിഡ് പകര്‍ച്ചവ്യാധി ഈ അസമത്വങ്ങള്‍ക്ക് ആക്കം വര്‍ദ്ധിപ്പിച്ചു. ഈ സാഹചര്യത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ചേര്‍ന്ന വിധത്തില്‍ പുരോഹിതര്‍ മാറുകയും ജീവിക്കുകയും വേണം. ദൈവവുമായും പരസ്പരവുമുള്ള മാനവകൂട്ടായ്മയുടെ പ്രതീകങ്ങളും ഉപകരണങ്ങളുമായിരിക്കണം വൈദികര്‍. കൂട്ടായ്മ നെയ്യുന്നവരും അസമത്വം ഇല്ലാതാക്കുന്നവരും സഹനമനുഭവിക്കുന്നവരെ ശ്രദ്ധിക്കുന്നവരുമാകണം അജപാലകര്‍. -മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org