ഉക്രെയിനിലെ സമാധാനത്തിനായി ദിവസവും ഓരോ ജപമാല ചൊല്ലുക - ഫ്രാന്‍സിസ് മാര്‍പാപ്പ

ഉക്രെയിനിലെ സമാധാനത്തിനായി ദിവസവും ഓരോ ജപമാല ചൊല്ലുക - ഫ്രാന്‍സിസ് മാര്‍പാപ്പ

ഉക്രെയിനിലെ അധിനിവേശം ഉണ്ടാക്കുന്ന സഹനങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും കടുത്ത ദുഃഖം രേഖപ്പെടുത്തി. അവിടത്തെ സമാധാനത്തിനു വേണ്ടി എല്ലാ ദിവസവും ഓരോ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പാ വിശ്വാസികളോട് ആവശ്യപ്പെട്ടു. മെയ് ദിനത്തില്‍ സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍, തന്റെ ചിന്തകള്‍ ഉക്രെയിനിലെ മരിയുപോളിലേയ്ക്കു പോകുകയാണെന്നു പാപ്പാ പറഞ്ഞു. 'മറിയത്തിന്റെ നഗരം' എന്നര്‍ത്ഥം വരുന്ന പേരുള്ള ഈ നഗരം ക്രൂരമായ വിധത്തില്‍ ബോംബാക്രമണത്തിനു വിധേയമാകുകയും തകരുകയും ചെയ്തിരിക്കുകയാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി.

ഉക്രെനിയന്‍ ജനതയുടെ സഹനത്തെ കുറിച്ചോര്‍ത്തു താന്‍ വേദനയനുഭവിക്കുകയും കരയുകയും ചെയ്യുന്നതായി പാപ്പാ പറഞ്ഞു. വിശേഷിച്ചും വൃദ്ധരെയും കുട്ടികളെയും കുറിച്ചോര്‍ത്തുകൊണ്ട്. കുട്ടികളെ പുറത്താക്കുന്നതിനെയും കയറ്റിയയക്കുന്നതിനെയും കുറിച്ചുള്ള ഭീകരമായ വാര്‍ത്തകള്‍ വരുന്നു. നഗരത്തില്‍ കുടുങ്ങിപ്പോയ നിരപരാധികളെ പുറത്തെത്തിക്കുന്നതിനു സുരക്ഷിതമായ മാനവീക ഇടനാഴികള്‍ സ്ഥാപിക്കേണ്ടതുണ്ട്. ആയുധങ്ങളെ നിശബ്ദമാക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടോയെന്ന ആത്മപരിശോധന ആവശ്യമാണ്. നമുക്കു സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും പാത സ്വീകരിക്കാം. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാം. - പാപ്പാ വിശദീകരിച്ചു.

റഷ്യ നിയന്ത്രണം സ്ഥാപിച്ചിരിക്കുന്ന മരിയുപോളില്‍ ഒരു ലക്ഷത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു വിവരം. ഇരുപതിനായിരത്തോളം പേര്‍ ഇവിടെ കൊല്ലപ്പെടുകയും നാല്‍പതിനായിരത്തോളം പേരെ നിര്‍ബന്ധിച്ചു നാടു കടത്തുകയും ചെയ്തുവെന്നു നഗരത്തിന്റെ മേയര്‍ പ്രസ്താവിച്ചിരുന്നു. പതിനയ്യായിരത്തോളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം കണക്കു കൂട്ടുന്നു.

Related Stories

No stories found.