
താലിബാൻ തീവ്രവാദികളുടെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാന് വേണ്ടി പ്രാർത്ഥനയും ഉപവാസവും നടത്തുവാന്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തു. സെ.പീറ്റേഴ്സ് അങ്കണത്തിൽ ത്രികാലജപ പ്രാര്‍ത്ഥനക്കു ശേഷം തീർത്ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പാ.
കാബൂള്‍ വിമാനത്താവള കവാടത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവർക്കു വേണ്ടി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു.
ചരിത്രപരമായ ഇത്തരം സന്ദർഭങ്ങളില്‍ മുഖം തിരിച്ചിരിക്കുവാന്‍ നമുക്ക് കഴിയുകയില്ലെന്നു പാപ്പാ പറഞ്ഞു. കൈസ്തവരെന്ന നിലയിൽ ഈ ചരിത്ര ഘട്ടം നമ്മെ ഇക്കാര്യങ്ങൾ ചുമതലപ്പെടുത്തുന്നു. അതുകൊണ്ടാണ് എല്ലാവരോടും തങ്ങളുടെ പ്രാര്‍ത്ഥന ഊര്‍ജ്ജിതപ്പെടുത്തുവാനും, ഉപവസിക്കുവാനും താന്‍ ആവശ്യപ്പെടുന്നത്. – പാപ്പാ പറഞ്ഞു.
വളരെ ആശങ്കയോടെയാണ് താൻ അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തെ നോക്കി കാണുന്നതെന്നു പാപ്പാ വിശദീകരിച്ചു. ചാവേറാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓര്‍ത്ത് കരയുന്നവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. സഹായവും സംരക്ഷണവും തേടുന്നവർക്കായി പ്രാർത്ഥിക്കുന്നു. – പാപ്പ വ്യക്തമാക്കി.
ചാവേര്‍ ആക്രമണത്തില്‍ ദുരിതത്തില്‍ കഴിയുന്ന ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളേയും, കുട്ടികളേയും സഹായിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് പാപ്പാ നന്ദി പറഞ്ഞു.
കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് 'ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറാസാന്‍' നടത്തിയ ചാവേറാക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ 170 പേര്‍ കൊല്ലപ്പെട്ടിരുന്നു.