അമേരിക്ക ആസ്ഥാനമായുള്ള കത്തോലിക്ക ജീവകാരുണ്യ പ്രസ്ഥാനമായ പേപ്പല്‍ ഫൗണ്ടേഷന്‍ ഒന്നരക്കോടി ഡോളര്‍ ചെലവ് വരുന്ന വിവിധ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഗ്രാന്റുകളും സ്‌കോളര്‍ഷിപ്പുകളും ജീവകാരുണ്യ സഹായങ്ങളും ഉള്‍പ്പെടെയാണ് ഇത്. സഹായമര്‍ഹിക്കുന്നവര്‍ക്ക് സഹായം എത്തിക്കുകയും കത്തോലിക്കാ വിശ്വാസത്തെ വളര്‍ത്തുകയും ആണ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് നേതാക്കള്‍ പറയുന്നു.
2024 ല്‍ നൂറിലേറെ പദ്ധതികള്‍ക്കായി ഒരു കോടി ഡോളര്‍ ചെലവഴിക്കുന്നതിന്റെ വിശദാംശങ്ങള്‍ ഫൗണ്ടേഷന്‍ പുറത്തുവിട്ടു. ശുദ്ധജലവിതരണം, വിദ്യാലയ നിര്‍മ്മാണം, സഭാ പ്രബോധനങ്ങളുടെ പരിഭാഷ തുടങ്ങിയ ആവശ്യങ്ങള്‍ക്കായിട്ടാണ് പണം ചെലവഴിക്കപ്പെടുക. പള്ളികളുടെയും മഠങ്ങളുടെയും സെമിനാരികളുടെയും പുനര്‍നിര്‍മ്മാണം, ആതുര ശുശ്രൂഷ കേന്ദ്രങ്ങളുടെ നിര്‍മ്മാണം, വിദ്യാര്‍ത്ഥികളുടെ യാത്ര ആവശ്യങ്ങള്‍ എന്നിവയ്ക്കായും പണം ചെലവഴിക്കപ്പെടുന്നുണ്ട്.
ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം 35 വര്‍ഷം മുമ്പാണ് ഈ ഫൗണ്ടേഷന്‍ രൂപീകൃതമായത്. വത്തിക്കാന്‍ സ്ഥാനപതിമാരിലൂടെ അറിയുന്ന ആവശ്യങ്ങള്‍ക്ക് പാപ്പായുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ സഹായങ്ങള്‍ എത്തിക്കുന്നത്. മാര്‍പാപ്പയുടെ ഇംഗിതപ്രകാരം നടക്കുന്ന അമേരിക്കയിലെ ഒരേയൊരു ജീവകാരുണ്യ സംഘടനയാണ് പേപ്പല്‍ ഫൗണ്ടേഷന്‍.
റോമില്‍ പഠിച്ചുകൊണ്ടിരിക്കുന്ന നൂറിലേറെ വൈദികരുടെയും വനിതാ സന്യസ്തരുടെയും വൈദിക വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 8 ലക്ഷം ഡോളര്‍ ഫൗണ്ടേഷന്‍ ചെലവഴിക്കും. കാര്‍ഡിനല്‍ സീന്‍ ഓ മാലിയാണ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍. ഫൗണ്ടേഷന്‍ അംഗങ്ങള്‍ എല്ലാവര്‍ഷവും റോമിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താറുണ്ട്.