ഉക്രെയ്നില്‍ നടന്ന ആക്രമണങ്ങളില്‍ പാപ്പ അതീവദുഃഖം രേഖപ്പെടുത്തി

Pope expresses deep sorrow over attacks in Ukraine
Published on

ഉക്രെയ്നിലെ സപ്പോറിഷ പോലെയുള്ള വിവിധ നഗരങ്ങള്‍ക്ക് നേരെ, കഴിഞ്ഞ ദിവസം, റഷ്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍, ഒരാള്‍ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാധാരണക്കാരായ ആളുകളുടെ ജീവന്‍ അപഹരിക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പ, സെപ്തംബര്‍ മാസത്തിലെ ആദ്യ ഞായറാഴ്ചയിലെ ത്രികാല ജപത്തിനുശേഷം ആവശ്യപ്പെട്ടു. “വര്‍ഷങ്ങളായി വേദനയിലും, ഭയത്തിലും ജീവിക്കുന്ന ജനങ്ങളുടെ കഷ്ടപ്പാടില്‍ എന്റെ ഹൃദയം വേദനിക്കുന്നു” എന്നതായിരുന്നു പാപ്പയുടെ വാക്കുകള്‍.

ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മേഖലയിലെ 54 പ്രദേശ ങ്ങള്‍ക്കെതിരെ റഷ്യന്‍ സൈന്യം ആകെ 886 ആക്രമണങ്ങള്‍ നടത്തി. ഉക്രെയ്നിലെ നിരവധി നഗരങ്ങളെയും, പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങളെയും സാരമായി ബാധിച്ചതും നിരപരാധികളുടെ മരണത്തിന് കാരണമായതുമായ അക്രമാസക്തമായ ആക്രമണങ്ങളുടെ വാര്‍ത്തകള്‍ താന്‍ ഏറെ ദുഃഖത്തോടെയാണ് മനസിലാക്കുന്നതെന്നു പാപ്പ പറഞ്ഞു.

“ഹിംസയ്ക്ക് അറുതി വരുത്താനും, നാശം അവസാനിപ്പിക്കാനും, സംഭാഷണത്തിനും സമാധാനത്തിനുമായി ഹൃദയങ്ങള്‍ തുറക്കാനും ഞാന്‍ വീണ്ടും ആഹ്വാനം ചെയ്യുന്നു! ഈ ദിവസങ്ങളില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ സഫലമാകുകയും, നയതന്ത്രത്തിന് വഴിയൊരുങ്ങു കയും, അതുവഴി സാക്ഷാത്കാരമായ ഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു,” പാപ്പ വിശദീകരിച്ചു. റഷ്യ ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയ നാള്‍ മുതല്‍, പരിശുദ്ധ പിതാക്കന്മാര്‍ നിരന്തരം സമാധാനത്തിനായുള്ള ആഹ്വാനങ്ങള്‍ നല്കികൊണ്ടിരിക്കുകയാണ്.

logo
Sathyadeepam Online
www.sathyadeepam.org