
ഹംഗറിയിലേക്കും ഫ്രാന്‍സിലേക്കും ഉള്ള യാത്രകള്‍ക്കു ശേഷം താന്‍ മംഗോളിയ സന്ദര്‍ശിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. അതോടെ മംഗോളിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയാകും അദ്ദേഹം. മംഗോളിയയില്‍ ആകെ 1,300 കത്തോലിക്കര്‍ മാത്രമേയുള്ളൂ. 2016 ലാണ് ആ രാജ്യത്തു നിന്ന് ആദ്യമായി ഒരു കത്തോലിക്കാ വൈദികന്‍ ഉണ്ടാകുന്നത്. 20 വര്‍ഷമായി മംഗോളിയായില്‍ സേവനം ചെയ്യുന്ന ഇറ്റാലിയന്‍ മിഷണറിയെ കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍ഡിനല്‍ പദവിയിലേക്ക് ഉയര്‍ത്തി. 48 കാരനായ കാര്‍ഡിനല്‍ ജിയോര്‍ജിയോ മാരെംഗോക്കു നല്‍കിയ കാര്‍ഡിനല്‍ പദവി മംഗോളിയായിലെ ചെറിയ സഭക്കു നല്‍കിയ അംഗീകാരമായിരുന്നു. ഉലാന്‍ബാത്തറിന്റെ അപ്പസ്‌തോലിക് പ്രീഫെക്ടാണ് കാര്‍ഡിനല്‍.
ചൈനയ്ക്കും റഷ്യയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന മംഗോളിയ ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യമാണ്. മുപ്പതു ലക്ഷം ജനങ്ങളുള്ള മംഗോളിയായില്‍ ഒരു ച.കിലോമീറ്ററില്‍ അഞ്ചു പേരാണുള്ളത്. 1922-ല്‍ ഇവിടെ കത്തോലിക്കാ മിഷണറിമാര്‍ സേവനമാരംഭിച്ചിരുന്നുവെങ്കിലും കമ്യൂണിസ്റ്റ് ഏകാധിപത്യത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെടുകയായിരുന്നു. പിന്നീട് 1992-ലാണ് സഭയ്ക്കു വീണ്ടും പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിച്ചത്.