ഫ്രാന്‍സിസ് പാപ്പയുടെ ഹംഗേറിയന്‍ പര്യടനം വന്‍വിജയമായി

ഫ്രാന്‍സിസ് പാപ്പയുടെ ഹംഗേറിയന്‍ പര്യടനം വന്‍വിജയമായി

ഹംഗറിയിലെത്തിയ ഫ്രാന്‍സിസ് പാപ്പയെ കാണാനും കേള്‍ക്കാനുമെത്തിയത് ജനലക്ഷങ്ങള്‍. തലസ്ഥാന നഗരിയായ ബുഡാപെസ്റ്റിലെ പൊതുവേദിയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ സംബന്ധിക്കാന്‍ മാത്രമായി അര ലക്ഷം പേരെത്തി. വിഭാഗീയതകളെല്ലാം ഒഴിവാക്കി സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങള്‍ വളര്‍ത്താന്‍ പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു. സ്വന്തം സമുദായത്തിലേക്ക് ഒതുങ്ങുകയും വൈയക്തിക അതിരുകള്‍ പാലിക്കുകയുമല്ല, പരസ്പരസ്‌നേഹത്തിലേക്ക് ഹൃദയങ്ങള്‍ തുറക്കുകയാണു വേണ്ടതെന്നും പാപ്പ പ്രസ്താവിച്ചു. മുട്ടുവേദനയുടെ പ്രശ്‌നമുള്ളതിനാല്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികനായത് ബുഡാപെസ്റ്റ് ആര്‍ച്ചുബിഷപ് പീറ്റര്‍ എര്‍ദോ ആണ്. രക്ഷാകര ചരിത്രം നമ്മില്‍ നിന്നല്ല തുടങ്ങുന്നതെന്നും നമ്മുടെ കഴിവുകളോ സംവിധാനങ്ങള്‍ കൊണ്ടോ അല്ല അതു നടക്കുന്നതെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

അടഞ്ഞ വാതിലുകള്‍ കാണുന്നത് വേദനാപൂര്‍ണ്ണമാണെന്നു പാപ്പ പറഞ്ഞു. നമ്മുടെ സ്വാര്‍ത്ഥതയുടെയും വ്യക്തിവാദത്തിന്റെയും അടഞ്ഞ വാതിലുകള്‍, സഹനമനുഭവിക്കുന്നവരുടെ നേര്‍ക്കുള്ള നിസംഗതയുടെ അടഞ്ഞ വാതിലുകള്‍, നമ്മെ പോലെയല്ലാത്തവരുടെയും കുടിയേറ്റക്കാരുടെയും പാവങ്ങളുടെയും നേര്‍ക്കുള്ള അടഞ്ഞ വാതിലുകള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. നമുക്കു ആ വാതിലുകള്‍ തുറക്കാം. നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും അനുദിന പ്രവൃത്തികളിലും നമുക്ക് ഒരു തുറന്ന വാതിലായ യേശുവിനെ പോലെയാകാം - മാര്‍പാപ്പ വിശദീകരിച്ചു.

തുറവിയും ഉള്‍ക്കൊള്ളലും ഉള്ള സമൂഹമായി സാഹോദര്യത്തില്‍ വളരാന്‍ ഹംഗറിയോടു മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. കുടിയേറ്റപ്രശ്‌നത്തില്‍ ഹംഗറിയില്‍ ശക്തമായ രണ്ട് അഭിപ്രായങ്ങളുണ്ട്. ഇതില്‍ കുടിയേറ്റക്കാരോട് അനുഭാവം പുലര്‍ത്തണമെന്ന നിലപാടിനു പരോക്ഷമായി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു മാര്‍പാപ്പ ഈ വാക്കുകളിലൂടെ എന്നു നിരീക്ഷിക്കപ്പെടുന്നു. ഇതര രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ സഹായിക്കുന്നതില്‍ ഹംഗറി കാണിക്കുന്ന താത്പര്യത്തെ മാര്‍പാപ്പ ശ്ലാഘിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org