മാര്‍പാപ്പയുടെ ആത്മകഥ അടുത്ത വര്‍ഷം

മാര്‍പാപ്പയുടെ ആത്മകഥ അടുത്ത വര്‍ഷം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥാപരമായ പുസ്തകം 'ജീവിതം, എന്റെ കഥ ചരിത്രത്തിലൂടെ' എന്ന പേരില്‍ അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കും. ഹാര്‍പര്‍കോളിന്‍സ് ആണു പ്രസാധകര്‍. അമേരിക്കയിലും യൂറോപ്പിലും ലാറ്റിനമേരിക്കയിലും 2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പുസ്തകം പുറത്തിറങ്ങും. കഴിഞ്ഞ 80 വര്‍ഷങ്ങള്‍ക്കിടെ മനുഷ്യവംശം കടന്നുപോയ സുപ്രധാനസംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ തന്റെ ജീവിതകഥ പറയുന്നതായിരിക്കും പുസ്തകമെന്നു പ്രസാധകര്‍ മുഖേന പുറത്തു വിട്ട പ്രസ്താവനയില്‍ മാര്‍പാപ്പ പറഞ്ഞു. നമ്മുടെ പൊതുഭവനമായ ഭൂമി അഭിമുഖീകരിച്ച കാര്യങ്ങളെ കുറിച്ച് ഒരു വയോധികനില്‍ നിന്നു കേള്‍ക്കാനും കഴിഞ്ഞ കാലത്തിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും യുവജനങ്ങള്‍ക്ക് ഇടയാക്കുന്ന രീതിയിലാണ് ഗ്രന്ഥരചന നടത്തിയിരിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. വത്തിക്കാന്‍ പത്രപ്രവര്‍ത്തകനായ ഫാബിയോ മര്‍ച്ചീസ് രഗോനയുമായി ചേര്‍ന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധം, നാസികളുടെ ജൂതവംശഹത്യ, ഹിരോഷിമായിലെയും നാഗസാക്കിയിലെയും ആണവസ്‌ഫോടനങ്ങള്‍, ഇരട്ടഗോപുരങ്ങളുടെ തകര്‍ച്ച, 2008 ലെ സാമ്പത്തികമാന്ദ്യം, ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗം, കോവിഡ് 19 പകര്‍ച്ചവ്യാധി തുടങ്ങിയ സംഭവങ്ങള്‍ മാര്‍പാപ്പയുടെ ആത്മകഥയുടെ ഭാഗമാകും. 1936 ല്‍ അര്‍ജന്റീനയില്‍ ജനിച്ച മാര്‍പാപ്പക്ക് 2 വയസ്സുള്ളപ്പോഴാണ് രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നത്. 8 വയസ്സുള്ളപ്പോള്‍ ഹിരോഷിമയും നാഗസാക്കിയും സംഭവിച്ചു. ഭ്രൂണഹത്യ, വംശീയത, കാലാവസ്ഥാവ്യതിയാനം, ആണവായുധങ്ങള്‍, യുദ്ധം, സാമൂഹികാസമത്വങ്ങള്‍ തുടങ്ങിയ സമകാലിക വിഷയങ്ങളും പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org