32000 കിലോമീറ്റര്‍ താണ്ടി പാപ്പയുടെ ഏഷ്യന്‍ പര്യടനം

32000 കിലോമീറ്റര്‍ താണ്ടി പാപ്പയുടെ ഏഷ്യന്‍ പര്യടനം
Published on

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന 11 ദിവസത്തെ അന്താരാഷ്ട്ര പര്യടനത്തിനായി അദ്ദേഹം ആകെ 32,000 കിലോമീറ്റര്‍ യാത്ര ചെയ്യും. ഇന്ത്യോനേഷ്യ, പാപ്പുവ ന്യൂഗിനിയ, കിഴക്കന്‍ തിമൂര്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് സെപ്റ്റംബര്‍ 2 മുതലുള്ള തീയതികളില്‍ അദ്ദേഹം സന്ദര്‍ശിക്കുന്നത്. തന്റെ പാപ്പാ പദവിയിലെ ഏറ്റവും ദീര്‍ഘമായ യാത്രകളില്‍ ഒന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സംബന്ധിച്ച് ഇത്. ലോകത്തില്‍ ഏറ്റവും അധികം മുസ്ലീങ്ങള്‍ ഉള്ള രാജ്യമായ ഇന്ത്യോനേഷ്യയിലേക്ക് നടത്തുന്ന സന്ദര്‍ശനത്തിനിടെ മതാന്തര സംഭാഷണത്തെയും മാനവൈക്യത്തെയും സമാധാനത്തെയും കുറിച്ച് ആയിരിക്കും പാപ്പ പ്രധാനമായും ചര്‍ച്ച ചെയ്യുക.

റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന പാപ്പായുടെ വിമാനം മധ്യപൂര്‍വ ദേശത്തിനും ഇന്ത്യയ്ക്കും മുകളിലൂടെയാണ് ഇന്ത്യോനേഷ്യയിലെ ജക്കാര്‍ത്ത വിമാനത്താവളത്തില്‍ ഇറങ്ങുക. ആയിരത്തോളം ദ്വീപുകളുടെ സമുച്ചയമായ ഇന്ത്യോനേഷ്യയിലെ ജനസംഖ്യയില്‍ മൂന്ന് ശതമാനമാണ് കത്തോലിക്കര്‍.

ഏഴര ശതമാനത്തോളം പ്രൊട്ടസ്റ്റന്റുകാരും ഉണ്ട്. ക്രൈസ്തവരെ ലക്ഷ്യമാക്കിയുള്ള ഭീകരാക്രമണങ്ങള്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പലതവണ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യോനേഷ്യയില്‍ പാപ്പാക്കു വലിയ സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യോനേഷ്യയില്‍ നിന്ന് പാപ്പ പാപ്പുവ ന്യൂഗിനിയയിലേക്കാണ് പോകുക. ആ രാജ്യം സന്ദര്‍ശിക്കുന്ന രണ്ടാമത്തെ മാര്‍പാപ്പ ആയിരിക്കും ഫ്രാന്‍സിസ് മാര്‍പാപ്പ. അവിടുത്തെ പൗരന്മാരില്‍ 98 ശതമാനത്തില്‍ അധികവും ക്രൈസ്തവരാണ്.

രാജ്യത്തിലെ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സേവനം എന്നീ രംഗങ്ങളിലെല്ലാം സഭ വലിയ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ജനസംഖ്യയുടെ 25 ശതമാനത്തോളം വരുന്ന 40 ലക്ഷം പേരാണ് അവിടെ കത്തോലിക്കാസഭയില്‍ ഉള്ളത്.

പാപ്പുവ ന്യൂഗിനിയായില്‍ നിന്ന് പാപ്പ എത്തിച്ചേരുന്ന ഈസ്റ്റ് തിമൂര്‍ എന്ന കൊച്ചു രാഷ്ട്രത്തില്‍ 97% ജനങ്ങളും കത്തോലിക്കരാണ്. പര്യടനത്തിലെ അവസാന രാജ്യമായ സിംഗപ്പൂര്‍ ലോകത്തിലെ ഏറ്റവും അധികം ജനസാന്ദ്രതയുള്ള രണ്ടാമത്തെ രാജ്യമാണ്. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യവും സിംഗപ്പൂരാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org