

700-നും 1,000-നും ഇടയില്‍ കുട്ടികള്‍ ഒക്ടോബര്‍ 1-ന് വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ ലൂര്‍ദ് ഗ്രോട്ടോയില്‍ വച്ച് ലിയോ പതിനാലാമന്‍ മാർപാപ്പയോടൊപ്പം സമാധാനത്തി നായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. ‘എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ മുന്നോട്ടു വയ്ക്കുന്ന, ദശലക്ഷം കുട്ടികള്‍ ജപമാല ചൊല്ലി പ്രാര്‍ഥിക്കുന്ന സംരംഭത്തിന്റെ ഭാഗമാണിത്.
ആ ആഴ്ചയില്‍, ലോകത്തിലെ ഏത് രൂപതയ്ക്കും ഇടവകയ്ക്കും സന്യാസസമൂഹത്തിനും സ്‌കൂളിനും കുടുംബത്തിനും വേണമെങ്കിലും ഇതില്‍ പങ്കാളികളാകാം. പരിശുദ്ധ ജപമാല റാണിയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 7-ന് ഈ വാരം സമാപിക്കും. 2026-ലെ കാമ്പെയ്ന്‍ ഫാത്തിമയില്‍ കുട്ടികള്‍ക്ക് ലഭിച്ച സന്ദേശത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്: ‘അവസാനം, എന്റെ അമലോത്ഭവ ഹൃദയം വിജയം വരിക്കും.’
‘ദശലക്ഷക്കണക്കിന് ആളുകള്‍ യുദ്ധം, അക്രമം, പീഡനം, ദാരിദ്ര്യം, അനിശ്ചിതത്വം എന്നിവ നേരിടുന്ന ഈ സമയത്ത് ഈ സംരംഭത്തിന് വലിയ പ്രാധാന്യമുണ്ട്’ എന്ന് എ സി എന്‍ പ്രസ്താവിക്കുന്നു. “വണ്‍ മില്യണ്‍ ചില്‍ഡ്രന്‍ പ്രെയിംഗ് ദി റോസറി’’ എന്ന സംരംഭം 2005-ല്‍ വെനസ്വേലയിലാണ് ആരംഭിച്ചത്. ‘ഒരു ദശലക്ഷം കുട്ടികള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ ലോകം മാറും’ എന്ന് പറഞ്ഞ വിശുദ്ധ പിയോയുടെ (പാദ്രെ പിയോ) വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഇന്നിത് ഒരു ലോകവ്യാപക പ്രാര്‍ത്ഥനാ പ്രസ്ഥാനമായി മാറിയിരിക്കുന്നു.
ഈ ക്ഷണത്തിന്റെ പരിധി കുട്ടികളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും മുഴുവന്‍ ജപമാലയും ചൊല്ലേണ്ടതി ല്ലെന്നും എസിഎന്‍ പറഞ്ഞു. വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്ന ഒരു ദശകം (ഒരു പത്ത്) പോലും ഈ ആഗോള പ്രാര്‍ത്ഥനാശൃംഖലയുടെ ഭാഗമാകാമെന്ന് അവര്‍ വ്യക്തമാക്കി.