
അര്‍ജന്റീനയിലെ പരാന അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ എസ്റ്റാനിസ്ലാവോ എസ്റ്റെബാന്‍ കാര്‍ലിക്കിന്റെ നിര്യാണത്തില്‍ ലിയോ പതിനാലാമന്‍ പാപ്പ അനുശോചനം രേഖപ്പെടുത്തി.
കര്‍ദ്ദിനാള്‍ എസ്റ്റാനിസ്ലാവോ, പരാന അതിരൂപതയിലും കൊര്‍ദോബ അതിരൂപതയിലുമായിട്ടാണ് തന്റെ പൗരോഹിത്യസേവനവും, മെത്രാന്‍ ശുശ്രൂഷയും പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങളോളം, വളരെ വിശ്വസ്തതയോടെ, ദൈവത്തിന്റെയും സഭയുടെയും സേവനത്തിനായി അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചുവെന്നും,
വളരെയധികം ആളുകളുടെ ജീവിതങ്ങളിലേക്കും, സംസ്‌കാരങ്ങളിലേക്കും, ഇടങ്ങളിലേക്കും സുവിശേഷത്തിന്റെ വെളിച്ചം കൊണ്ടുവരുവാന്‍ അദ്ദേഹം തന്റെ സേവനങ്ങളിലൂടെ പരിശ്രമിച്ചുവെന്നും പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന്റെ കരടുരൂപം തയ്യാറാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും പാപ്പ പരാമര്‍ശിച്ചു.
മരിക്കുമ്പോള്‍ കര്‍ദിനാള്‍ എസ്റ്റാനിസ്ലാവോയ്ക്ക് 99 വയസ്സായിരുന്നു. തുടര്‍ച്ചയായി രണ്ടു തവണ അര്‍ജന്റീനയിലെ മെത്രാന്‍ സമിതിയെ നയിച്ചിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സന്ദര്‍ശനപരിപാടികള്‍ക്കു നേതൃത്വം നല്‍കിയതും കര്‍ദിനാള്‍ എസ്റ്റാനിസ്ലാവോ എസ്റ്റെബാന്‍ കാര്‍ലിക്ക് ആയിരുന്നു.