ഹമാസിന്റെ ബന്ദികളുടെയും ഗാസയിലെ ഇരകളുടെയും ബന്ധുക്കളെ മാര്‍പാപ്പ കാണും

ഹമാസിന്റെ ബന്ദികളുടെയും ഗാസയിലെ ഇരകളുടെയും ബന്ധുക്കളെ മാര്‍പാപ്പ കാണും

Published on

ഹമാസ് ബന്ദികളാക്കിയ ഇസ്രായേല്‍ക്കാരുടെയും ഗാസയിലെ യുദ്ധത്തെ തുടര്‍ന്ന് യാതന അനുഭവിക്കുന്ന പലസ്തീന്‍കാരുടെയും കുടുംബങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ കാണുന്നു. ഇരു പ്രതിനിധിസംഘങ്ങള്‍ക്കും സമയമനുവദിച്ചതായി വത്തിക്കാന്‍ വക്താവ് അറിയിച്ചു. പൊതുദര്‍ശനവേളയില്‍ വെവ്വേറെയായിരിക്കും ഇവരെ മാര്‍പാപ്പ കാണുക. സഹനമനുഭവിക്കുന്ന മനുഷ്യരോടുള്ള തന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് പാപ്പാ ഈ അവസരമുപയോഗിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇസ്രായേല്‍ - പലസ്തീന്‍ യുദ്ധത്തെ കുറിച്ച് മാര്‍പാപ്പ നിരവധി പരസ്യപ്രതികരണങ്ങള്‍ ഇതിനകം നടത്തിക്കഴിഞ്ഞു. ഏതു മതത്തില്‍ പെടുന്നയാളായാലും എല്ലാ മനുഷ്യരും ദൈവത്തിന്റെ കണ്ണില്‍ അമൂല്യരാണെന്നും സമാധാനത്തില്‍ ജീവിക്കാന്‍ അവര്‍ക്കെല്ലാം അവകാശമുണ്ടെന്നും പാപ്പാ പറഞ്ഞിട്ടുണ്ട്.

240 പേര്‍ ഇപ്പോള്‍ ഹമാസിന്റെ ബന്ദികളായി കഴിയുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. നാലു പേരെ ഇതിനകം വിട്ടയച്ചിട്ടുണ്ട്. ഒരാളെ ഇസ്രായേല്‍ സൈന്യം മോചിപ്പിച്ചു. രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നു. ബന്ദികളുടെ മോചനവും വെടിനിറുത്തലും ഉടനുണ്ടാകണമെന്നതാണ് വത്തിക്കാന്റെ നിലപാട്.

logo
Sathyadeepam Online
www.sathyadeepam.org