മാര്‍പാപ്പയും മൊണാക്കോ തലവന്‍ ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജകുമാരനും കൂടിക്കാഴ്ച നടത്തി

മാര്‍പാപ്പയും മൊണാക്കോ തലവന്‍ ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജകുമാരനും കൂടിക്കാഴ്ച നടത്തി
Published on

പടിഞ്ഞാറന്‍ യൂറോപ്പിലുള്ള മൊണാക്കോ എന്ന ചെറുരാജ്യത്തിന്റെ അധിപനായ ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജകുമാരന് ലിയോ പതിനാലാമന്‍ പാപ്പ വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിച്ചു. ലോകത്തിലെ തന്നെ ചെറിയ രാജ്യങ്ങളില്‍ രണ്ടാമത്തേതാണു മൊണാക്കോ. ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമാണു വത്തിക്കാന്‍.

വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ പാപ്പയും രാജകുമാരനുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം, വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറുമായും ആല്‍ബര്‍ട്ട് രണ്ടാമന്‍ സംസാരിച്ചു. സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ വച്ച് ഇരുനേതൃത്വങ്ങളും തമ്മില്‍ നടന്ന വിവിധ ചര്‍ച്ചകളില്‍, പരിശുദ്ധ സിംഹാസനവും മോണക്കോയും തമ്മിലുള്ള സുദൃഢമായ ഉഭയകക്ഷി ബന്ധവും, രാജ്യത്തിന്റെ സാമൂഹ്യജീവിതത്തില്‍ കത്തോലിക്കാസഭയുടെ പ്രാധാന്യവും, സഭ നല്‍കുന്ന ചരിത്രപരമായ സംഭാവനകളും പരാമര്‍ശിക്കപ്പെട്ടുവെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പ് വിശദീകരിച്ചു.

പ്രകൃതിപരിപാലനം, മാനവികസഹായം, മനുഷ്യാന്തസ്സ് സംരക്ഷിക്കേണ്ടതിന്റെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചകളില്‍ ഇടം പിടിച്ചു. അന്താരാഷ്ട്ര സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രധാന കാര്യങ്ങള്‍, പ്രത്യേകിച്ച് സമാധാനം, സുരക്ഷ തുടങ്ങിയവയും, മധ്യപൂര്‍വദേശങ്ങളിലെയും ചില ആഫ്രിക്കന്‍ പ്രദേശങ്ങളിലെയും രാഷ്ട്രീയ, സാമൂഹിക സ്ഥിതിഗതികളും ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും പരിശുദ്ധ സിംഹാസനം അറിയിച്ചു.

ഫ്രാന്‍സും മെഡിറ്ററേനിയന്‍ കടലുമായി അതിര്‍ത്തി പങ്കിടുന്ന മോണാക്കോയുടെ സംരക്ഷണം ഫ്രാന്‍സാണ് ഉറപ്പാക്കുന്നത്. 1949 മുതല്‍ 2005 വരെ ഭരണം നടത്തിയ റൈനിയര്‍ മൂന്നാമന്‍ രാജകുമാരന്റെ മക്കളില്‍ രണ്ടാമത്തെയാളായ ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജകുമാരന്‍, പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 2005-ലാണ് ഭരണം ഏറ്റെടുത്തത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org