
ആരോഗ്യ പ്രശ്നങ്ങൾ അധികരിക്കുന്ന സാഹചര്യത്തിൽ തൻറെ പേഴ്സണൽ ഹെൽത്ത് കെയർ അസിസ്റ്റന്റായി വത്തിക്കാനിലെ ഒരു നഴ്സിനെ ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി നിയമിച്ചു. ഇരുപതിലധികം വർഷമായി വത്തിക്കാനിൽ പ്രവർത്തിക്കുന്ന 52 കാരനായ മാസിമിലിയാനോ സ്ട്രപ്പേറ്റി എന്ന ഇറ്റലിക്കാരൻ ആണ് മാർപാപ്പയുടെ നിയമനം ലഭിച്ചിരിക്കുന്നത്. നേരത്തെ ഒരു ഉദരശാസ്ത്രക്രിയയ്ക്ക് ശേഷം തൻറെ ജീവൻ രക്ഷിച്ച നഴ്സ് എന്ന് മാർപാപ്പ ശ്ലാഘിച്ചതിലൂടെ വാർത്തകളിൽ ഇടംപിടിച്ചയാളാണ് ഈ നേഴ്സ് . മാർപാപ്പയുടെ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോൾ, ആവശ്യമായ പരിശോധനകൾക്ക് നിർദ്ദേശിച്ചതും ഒരു വൻകുടൽ ശസ്ത്രക്രിയ ആയിരിക്കും ഇതിന് പരിഹാരം എന്ന് ആദ്യമായി അഭിപ്രായപ്പെട്ടതും ഈ നഴ്സ് ആണ് . നഴ്സിന്റെ പരിചയസമ്പത്ത് തനിക്ക് സഹായകരമായതായി മാർപാപ്പ അന്ന് വെളിപ്പെടുത്തിയിരുന്നു. ഈയിടെ കാനഡയിലേക്ക് നടത്തിയ സന്ദർശനത്തിൽ പാപ്പയോടൊപ്പം ഉണ്ടായിരുന്ന ആരോഗ്യ പരിചരണ സംഘത്തിൽ ഇദ്ദേഹവും അംഗമായിരുന്നു.
റോമിലെ ഒരു കാത്തലിക് മെഡിക്കൽ കോളേജിലെ ഇന്റേണൽ മെഡിസിൻ ആൻഡ് ജെറിയാടിക്സ് പ്രൊഫസറായ ഡോ. റോബർട്ടോ ബാർണബെ ആണ് മാർപാപ്പയുടെ സ്വകാര്യ ഡോക്ടർ. അദ്ദേഹത്തിൻറെ കൂടെ സ്ട്രെപ്പറ്റിയും ഇനി മാർപാപ്പയോടൊപ്പം ഉണ്ടായിരിക്കും.
ലെബനോനിലേക്കും ദക്ഷിണ സുഡാനിലേക്കും നിശ്ചയിച്ചിരുന്ന സന്ദർശനങ്ങൾ മുട്ടുകാൽ വേദനയും ആരോഗ്യപ്രശ്നങ്ങളും മൂലം മാർപാപ്പ ഈയിടെ മാറ്റിവച്ചിരുന്നു. യാത്രകളുടെ വേഗത ഇനി താൻ കുറയ്ക്കേണ്ടി വരുമെന്ന നിഗമനം കാനഡയിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ പത്രപ്രവർത്തകരോടും പാപ്പ പങ്കുവെച്ചിരുന്നു.