1959 സെപ്തംബര്‍ 21 നാണു ജോര്‍ജ് മരിയ ബെര്‍ഗോളിയോ, തന്റെ സുദീര്‍ഘമായ സന്യാസ ജീവിതത്തിന് ആരംഭം കുറിച്ചുകൊണ്ട് ഈശോസഭയില്‍ ചേര്‍ന്നത്. 1969 ഡിസംബര്‍ 13 ന്, തന്റെ 33-ാം വയസ്സില്‍ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.
പൗരോഹിത്യത്തിലേക്കുള്ള ഉള്‍വിളിയാണ് തന്നെ ഈശോസഭയില്‍ ചേരുന്നതിലേക്ക് നയിച്ചത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.
''ചെറുപ്പത്തില്‍ ഒരു പുരോഹിതനെ കണ്ടപ്പോള്‍ പെട്ടെന്ന് കുമ്പസാരിക്കണം എന്ന് തോന്നല്‍ ഉണ്ടാവുകയായിരുന്നു. അത് ദൈവവുമായുള്ള ഒരു കണ്ടുമുട്ടലിന്റെ അനുഭവം സമ്മാനിച്ചു ആരോ തനിക്കുവേണ്ടി കാത്തിരിക്കുന്നതായി അന്ന് മനസ്സിലാക്കി,'' പാപ്പ പറഞ്ഞു.
കുമ്പസാരത്തിനുശേഷം കാര്യങ്ങള്‍ മാറി. കുമ്പസാരിച്ച് കഴിഞ്ഞ താന്‍ പഴയ ആള്‍ ആയിരുന്നില്ല. ഒരു പുരോഹിതനായി മാറണമെന്ന ബോധ്യം ഉള്ളില്‍ ജനിച്ചു - പാപ്പ വിവരിച്ചു.
വിശുദ്ധ മത്തായിയുടെ തിരുനാള്‍ ദിനത്തിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതം മാറ്റിമറിച്ച ഈ കുമ്പസാരാനുഭവം ഉണ്ടായത്. ചുങ്കക്കാരന്‍ മത്തായിയുടെ ജീവിതാനുഭവങ്ങളുമായി തനിക്കുള്ള സാമ്യം ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചിട്ടുണ്ട്.
മാര്‍പാപ്പ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത് സ്വീകരിക്കുന്നുണ്ടോ എന്ന് കര്‍ദിനാള്‍സംഘം ആരാഞ്ഞപ്പോഴും, മത്തായി ശ്ലീഹ മാതൃകയായതായി പാപ്പ പറഞ്ഞിട്ടുണ്ട്.