വയോധിക വൈദികരുടെ സമ്മേളനത്തിനു പാപ്പായുടെ സന്ദേശം

വയോധിക വൈദികരുടെ സമ്മേളനത്തിനു പാപ്പായുടെ സന്ദേശം
Published on

പ്രായമായ വൈദികരുടെ ധ്യാനാത്മമായ ജീവിതം സഭയിലെ രണ്ടാം തരമല്ലാത്ത ശുശ്രൂഷയാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. വടക്കെ ഇറ്റലിയിലെ ലൊമ്പാര്‍ഡിയ പ്രവിശ്യയില്‍ പ്രായാധിക്യത്തിലെത്തി വിശ്രമജീവിതം നയിക്കുന്ന വൈദികരുടെ കൂട്ടായ്മയുടെ വാര്‍ഷിക സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പായുടെ വാക്കുകള്‍. ആറുവര്‍ഷമായി നടത്തുന്ന ഈ സംഗമത്തിന് നേതൃത്വം നല്കുന്ന സ്ഥലത്തെ മെത്രാന്‍ സംഘത്തിനും, പ്രായമായവരെയും വൈകല്യമുള്ളവരെയും തുണയ്ക്കുന്ന ഇറ്റലിയിലെ ഉപവി പ്രസ്ഥാനമായ യൂണിത്താല്‍സിക്കും പാപ്പാ നന്ദി പറഞ്ഞു.
പ്രായാധിക്യത്താല്‍ ശാരീരികമായി തളര്‍ന്നും, രോഗങ്ങളുടെ ക്ലേശങ്ങളും വേദനയും അനുഭവിച്ചുമുള്ള വൈദികജീവിതം ദൈവത്തോടും സഭയോടുമുള്ള അവരുടെ വിശ്വസ്തമായ സ്‌നേഹത്തിന്റെ സാക്ഷ്യമാണെന്നും, അജപാലനമേഖലയില്‍ ത്യാഗപൂര്‍വ്വം ജീവിച്ച ഈ വൈദികസഹോദരങ്ങളുടെ ജീവിതം നിശബ്ദമായ സുവിശേഷ സാക്ഷ്യമാണെന്നും പാപ്പാ വിവരിച്ചു. അവരുടെ സജീവമായ സമര്‍പ്പണവും അതിന്റെ ഓര്‍മ്മയും സഭയുടെ ഭാവി കരുപ്പിടിപ്പിക്കാന്‍ പര്യാപ്തമാണ്, പാപ്പാ പറഞ്ഞു.
മഹാമാരിയുടെ ഇക്കാലഘട്ടം എല്ലാവര്‍ക്കും ക്ലേശകരമായിരുന്നതുപോലെ, പ്രായമായ വൈദികര്‍ അതിലേറെ അടച്ചുപൂട്ടലും ഏകാന്തതയും അനുഭവിക്കുന്നുണ്ടാകുമെന്ന് പാപ്പാ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ സ്വാര്‍ത്ഥതയുടെയും താന്‍പോരിമയുടെയും വൈറസ് ബാധയില്‍നിന്നും മോചിതരായി, മറ്റുള്ളവരെക്കുറിച്ച്, വിശിഷ്യ സഹായം ആവശ്യമുള്ളവരെയും ജീവിതക്ലേശങ്ങള്‍ അനുഭവിക്കുന്നവരെയും കുറിച്ച് ചിന്തിക്കുവാനും, അവരുമായുള്ള സാഹോദര്യവും കൂട്ടായ്മയും ചിന്തയിലും ധ്യാനത്തിലും പുനരാവിഷ്‌ക്കരിക്കുവാനുമുള്ള സമയമാവട്ടെ ഇതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ആരെയും മരവിപ്പിക്കുന്ന നിശബ്ദതയുടെയും ശൂന്യതയുടെയും കഠിനമായ ദിനങ്ങളില്‍ ദൈവത്തിങ്കലേയ്ക്ക് ദൃഷ്ടികള്‍ ഉയര്‍ത്തി എല്ലാവരും കാരുണ്യത്തിനായി വിളിച്ചപേക്ഷിക്കണം. പ്രായമായവര്‍ക്കൊപ്പം എല്ലാവരെയും ദൈവകൃപ നവീകരിക്കുന്ന ഒരു സമയമാവട്ടെ ഇത് – പാപ്പാ ആശംസിച്ചു.
വൈദികരുടെ അമ്മയായ പരിശുദ്ധ കന്യകാ നാഥയ്ക്ക് പ്രായമായ വൈദികസഹോദരങ്ങളെ സമര്‍പ്പിക്കുകയും ഈ മഹാമാരിയില്‍ മരണമടഞ്ഞ എല്ലാ വൈദികരെയും പ്രത്യേകം അനുസ്മരിക്കുകയും അവരുടെ ആത്മാക്കളെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org