കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മരണമടഞ്ഞ മെത്രാന്മാരുടെയും കാര്‍ഡിനല്‍മാരുടെയും ആത്മശാന്തിക്കായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. വേര്‍പിരിഞ്ഞവര്‍ ദൈവത്തോടൊപ്പം ജീവിച്ചിരിക്കുന്നുവെന്ന ദൃഢവിശ്വാസത്തോടെ ബലിയര്‍പ്പിക്കുന്നത് ഈ ഭൗമിക തീര്‍ത്ഥാടനത്തില്‍ നമുക്കും വലിയ പ്രയോജനം ചെയ്യുന്നുവെന്നു മാര്‍പാപ്പ പറഞ്ഞു. ജീവിതത്തെ കുറിച്ചുള്ള ശരിയായ ദര്‍ശനം നമ്മില്‍ നിറയ്ക്കാനും ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനു നാം അഭിമുഖീകരിക്കേണ്ട പരീക്ഷണങ്ങളുടെ അര്‍ത്ഥം വെളിപ്പെടാനും ഇതു സഹായിക്കും. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേയ്ക്കു നമ്മുടെ ഹൃദയം തുറക്കാനും നിത്യമായ സമ്പത്തിനായി അക്ഷീണം യത്‌നിക്കാനും അതു നമുക്കിടയാക്കും. വിശ്വാസത്തിന്റെ കണ്ണുകള്‍ക്ക് അദൃശ്യയാഥാര്‍ത്ഥ്യങ്ങളെ കാണാന്‍ കഴിയും. സംഭവിക്കുന്ന കാര്യങ്ങളെയെല്ലാം നിത്യതയുടെ മാനത്തിലൂടെ നോക്കി വിലയിരുത്താന്‍ വിശ്വാസത്തിന്റെ നേത്രങ്ങള്‍ക്കു സാധിക്കും. -മാര്‍പാപ്പ വിശദീകരിച്ചു.
2019 ഒക്‌ടോബര്‍ 31 മുതല്‍ 2020 ഒക്‌ടോബര്‍ 31 വരെ ആറു കാര്‍ഡിനല്‍മാരും 163 മെത്രാന്മാരുമാണ് നിര്യാതരായത്. ഇവരില്‍ 13 മെത്രാന്മാര്‍ മാര്‍ച്ച് 25 നു ശേഷം കോവിഡ് ബാധിച്ചു മരിച്ചവരാണ്.