ക്രൈസ്തവൈക്യം വര്‍ദ്ധിക്കുന്നത് പ്രത്യാശയുടെ അടയാളമെന്നു മാര്‍പാപ്പ

ക്രൈസ്തവൈക്യം വര്‍ദ്ധിക്കുന്നത് പ്രത്യാശയുടെ അടയാളമെന്നു മാര്‍പാപ്പ

ക്രൈസ്തവര്‍ക്കിടയിലെ ഐക്യം വര്‍ദ്ധിക്കുന്നത് അനേകര്‍ക്കു പ്രത്യാശയുടെ അടയാളമാണെന്നു ഫ്രാന്‍ സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. വി. പത്രോസ്, പൗലോസ് ശ്ലീഹാമാരുടെ തിരുനാളിനോടനുബന്ധിച്ച് തന്നെ സന്ദര്‍ശിച്ച കോണ്‍സ്റ്റാന്റിനോപ്പിള്‍ എക്യുമെനിക്കല്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധിസംഘത്തോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. പുരാതനമായ മുന്‍വിധികള്‍ തകര്‍ക്കാനും ദ്രോഹകരമായ ശത്രുതകള്‍ മറികടക്കാനും ഉള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കേണ്ട സമയമായിരിക്കുന്നുവെന്നു പാപ്പാ സൂചിപ്പിച്ചു. വ്യത്യാസങ്ങളെ അവഗണിക്കാതെ തന്നെ കൂടുതല്‍ അടുപ്പത്തോടെ ഒന്നിച്ചു നടക്കാനും പരസ്പരം ഉത്തരവാദിത്വമെടുത്തുകൊണ്ട് ശരിക്കും മുന്നോട്ടു നടക്കാനും നമുക്കു സാധിക്കണം. കത്തോലിക്കരും ഓര്‍ത്തഡോക്‌സുകാരും തമ്മിലുള്ള അടുത്ത സഹകരണം ഒരു നല്ല പ്രവാചകപ്രതീകമായിരിക്കുമെന്നും പാപ്പാ പറഞ്ഞു. എല്ലാ വര്‍ഷവും ഈ തിരുനാള്‍ ദിനത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം വത്തിക്കാനിലെത്താറുണ്ട്. പകരമായി, വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധിസംഘം വി. അന്ത്രയോസിന്റെ തിരുനാളിനു കോണ്‍സ്റ്റാന്റിനോപ്പിളിലും (ഇസ്താംബുള്‍) പോകാറുണ്ട്. വി. അന്ത്രയോസാണ് കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭയുടെ സ്വര്‍ഗീയമദ്ധ്യസ്ഥന്‍.

ദൈവത്തിന്റെ സര്‍ഗാത്മകസ്‌നേഹമായ പരിശുദ്ധാത്മാവിനോടു ഇണക്കം പുലര്‍ത്തിയാല്‍ ഒരു നവീകൃത സാഹോദര്യത്തിലേയ്ക്ക് അവിടുന്നു വഴി തുറന്നു തരുമെന്നു പാപ്പാ വിശദീകരിച്ചു.

logo
Sathyadeepam Weekly
www.sathyadeepam.org