പട്ടിയും പൂച്ചയും മക്കള്‍ക്കു പകരമാകരുത്; ദത്തെടുക്കാന്‍ തയ്യാറാകുക

ഫ്രാന്‍സിസ് മാര്‍പാപ്പ
പട്ടിയും പൂച്ചയും മക്കള്‍ക്കു പകരമാകരുത്; ദത്തെടുക്കാന്‍ തയ്യാറാകുക

സ്വാഭാവികമാര്‍ഗത്തിലൂടെയോ ദത്തെടുത്തുകൊണ്ടോ മക്കളെ സ്വന്തമാക്കി, മാതാപിതാക്കളാകാന്‍ ദമ്പതിമാര്‍ തയ്യാറാകണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ദത്തെടുക്കുന്നതിലൂടെയുണ്ടാകുന്ന ബന്ധം രണ്ടാംകിടയല്ലെന്നു വി. യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു. ആഗ്രഹമില്ല എന്നതുകൊണ്ടു മക്കള്‍ വേണ്ടെന്നോ ഒന്നു മതിയെന്നോ തീരുമാനിച്ചിരിക്കുന്ന ദമ്പതിമാരുണ്ട്. അവരില്‍ പലര്‍ക്കും രണ്ടു പട്ടികളും രണ്ടു പൂച്ചകളും കാണും. പട്ടിയും പൂച്ചയും മക്കള്‍ക്കു പകരമാകുന്നു. തമാശയാണത്, എനിക്കറിയാം. പക്ഷേ അതൊരു യാഥാര്‍ത്ഥ്യമാണ്. ഇപ്രകാരം മാതൃത്വവും പിതൃത്വവും നിഷേധിക്കുന്നത് നമ്മെ ചെറുതാക്കുന്നു, മാനവീകത നമ്മില്‍ നിന്ന് എടുത്തു കളയുന്നു. ദമ്പതികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഈ സ്വാര്‍ത്ഥത മൂലം നമ്മുടെ സംസ്‌കാരത്തിനു വാര്‍ദ്ധക്യമേറുന്നു. -മാര്‍പാപ്പ വിശദീകരിച്ചു. പോള്‍ ആറാമന്‍ ഹാളിലെ പൊതുദര്‍ശനവേളയില്‍ വി. യൗസേപ്പിതാവിന്റെ ജീവിതത്തെ ആധാരമാക്കിയുള്ള വിചിന്തനം നല്‍കുകയായിരുന്നു മാര്‍പാപ്പ.

അനാഥത്വത്തിന്റെ ഒരു യുഗത്തിലാണു നാം ജീവിക്കുന്നതെന്നും അതിനാല്‍ പിതൃത്വത്തെയും മാതൃത്വത്തെയും കുറിച്ചുള്ള ചിന്തകള്‍ വളരെ പ്രധാനമാണെന്നും മാര്‍പാപ്പ പറഞ്ഞു. ദത്തെടുക്കുന്നതിലൂടെ പുതിയ ജീവനെ സ്വീകരിക്കുന്നതു വളരെ ഉദാരവും മനോഹരവുമായ ഒരു പ്രവൃത്തിയാണ്. സ്‌നേഹത്തിന്റെയും മാതൃ-പിതൃത്വത്തിന്റെയും ഏറ്റവും സമുന്നതമായ രൂപം തന്നെയാണത്. കരുതലിനായി കാത്തിരിക്കുന്ന അനേകം കുഞ്ഞുങ്ങള്‍ ഇന്നത്തെ ലോകത്തിലുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ മാതാപിതാക്കളാകാന്‍ കഴിയാത്ത ദമ്പതിമാരും ഉണ്ട്. മക്കള്‍ ഉണ്ടെങ്കില്‍ കൂടിയും തങ്ങളുടെ കുടുംബസ്‌നേഹം അതില്ലാത്തവര്‍ക്കു പകരാന്‍ ആഗ്രഹിക്കുന്ന ദമ്പതിമാരും ഉണ്ട്. ദത്തെടുക്കലിന്റെ പാത സ്വീകരിക്കാന്‍ നാം ഭയപ്പെടരുത്. - മാര്‍പാപ്പ വിശദീകരിച്ചു.

ദത്തെടുക്കുന്നതിലൂടെയോ സ്വാഭാവികമാര്‍ഗത്തിലൂടെയോ ഒരു കുഞ്ഞിനെ സ്വന്തമാക്കുന്നതില്‍ റിസ്‌കുണ്ടെന്നു മാര്‍പാപ്പ വ്യക്തമാക്കി. പക്ഷേ കുഞ്ഞുങ്ങള്‍ ഇല്ലാതിരിക്കുന്നതാണ് അതിനേക്കാള്‍ റിസ്‌ക്. ശാരീരികമാകട്ടെ, ആത്മീയമാകട്ടെ മാതൃത്വവും പിതൃത്വവും നിഷേധിക്കുന്നതാണ് കൂടുതല്‍ റിസ്‌ക്. മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും അവബോധം ബോധപൂര്‍വം വളര്‍ത്താതിരിക്കുന്ന സ്ത്രീയും പുരുഷനും വളരെ അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ നഷ്ടപ്പെടുത്തുകയാണു ചെയ്യുന്നത്. ഇതിനെ കുറിച്ച് ചിന്തിക്കുക. -മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org