കുടിയേറ്റക്കാരില്‍ ക്രിസ്തുവിനെ കാണുന്നുവെന്നു മാര്‍പാപ്പ
ആളോഹരി അഭയാര്‍ത്ഥികളുടെ എണ്ണമെടുത്താല്‍ യൂറോപ്പില്‍ ഏറ്റവുമധികം അഭയാര്‍ത്ഥികള്‍ കുടിയേറിയിട്ടുള്ള സൈപ്രസിലെ പര്യടനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും പ്രശ്‌നങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കുടിയേറ്റക്കാരില്‍ ക്രിസ്തുവിനെ തന്നെയാണു കണ്ടുമുട്ടുന്നതെന്നു മാര്‍പാപ്പ വ്യക്തമാക്കി. സൈപ്രസില്‍ നിന്ന് 12 അഭയാര്‍ത്ഥികളെ ഇറ്റലിയിലേയ്ക്ക് ഏറ്റെടുത്തുകൊണ്ട് തന്റെ വാക്കുകള്‍ക്കു പ്രതീകാത്മകമായ പ്രവൃത്തിയുടെ പിന്‍ബലം നല്‍കാനും മാര്‍പാപ്പ തയ്യാറായി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റും സൈപ്രസ്, ഇറ്റാലിയന്‍ അധികാരികളും ഇതിനുള്ള ധാരണ നേരത്തെ രൂപപ്പെടുത്തി. യുദ്ധങ്ങളും ദുരിതങ്ങളും മൂലം നാടു വിട്ടു പലായനം ചെയ്യുന്ന ആയിരകണക്കിനു അഭയാര്‍ത്ഥികളുടെ ആഘാതം ആദ്യം ഏല്‍ക്കുന്ന രാജ്യമാണ് മെഡിറ്ററേനിയന്‍ സമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ സൈപ്രസ് എന്നു ജെറുസലേം പാത്രിയര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസ്സബല്ലാ ചൂണ്ടിക്കാട്ടി.
മാര്‍പാപ്പയുടെ മുമ്പില്‍ ഇറാഖ്, കാമറൂണ്‍, ശ്രീലങ്ക, കോംഗോ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് അഭയാര്‍ത്ഥികള്‍ തങ്ങളുടെ ജീവിതസാക്ഷ്യം വിവരിച്ചു. ക്രൈസ്തവസമൂഹങ്ങള്‍ക്കു മുമ്പില്‍ പിടിച്ച കണ്ണാടി പോലെ ഈ സാക്ഷ്യങ്ങള്‍ തനിക്കനുഭവപ്പെട്ടുവെന്നു മാര്‍പാപ്പ പറഞ്ഞു. വിവിധ പാളയങ്ങളില്‍ കഴിയുന്ന കുടിയേറ്റക്കാരുടെ സഹനങ്ങളിലേയ്ക്കു കണ്ണു തുറക്കാന്‍ ജനങ്ങളെ സഹായിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്നു മാര്‍പാപ്പ പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിലെ നാസികളുടെയും സ്റ്റാലിന്റെയും മറ്റും തടങ്കല്‍ പാളയങ്ങളുടെ കഥകള്‍ വായിക്കുമ്പോള്‍, അതെന്തുകൊണ്ടു സംഭവിച്ചു എന്നു നാം അത്ഭുതം കൂറുന്നു. എന്നാല്‍ ഇത് ഇന്നും സംഭവിക്കുന്നുണ്ട്, നിങ്ങള്‍ക്കരികിലുള്ള തീരപ്രദേശങ്ങളില്‍ ഇന്നും ഈ പാളയങ്ങളുണ്ട്. - മാര്‍പാപ്പ വിശദീകരിച്ചു.