
ആഗോള സമ്പദ് വ്യവസ്ഥ അസ്ഥിരമാണെന്നും പരിസ്ഥിതിയില്‍ അത് ആഘാതമേല്‍പിക്കുന്നുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച അനേകം കാര്യങ്ങള്‍ അടിയന്തിരമായി പുനരാലോചനയ്ക്കു വിധേയമാക്കേണ്ടതുണ്ട്. നമ്മുടെ ഉത്പാദനരീതികള്‍, ഉപഭോഗരീതികള്‍, പാഴാക്കുന്ന സംസ്‌കാരം, ദരിദ്രരുടെ ചൂഷണം, അവരോടുള്ള ഉദാസീനത, അസമത്വത്തിന്റെ വളര്‍ച്ച, ഉപദ്രവകരമായ ഊര്‍ജസ്രോതസ്സുകളിലെ ആശ്രിതത്വം എന്നിവയെല്ലാം ആലോചനാ വിഷയമാക്കേണ്ടതാണ്.- മാര്‍പാപ്പ വിശദീകരിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള 'ടെഡ് ടോക്കി'ല്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. വിവിധ രംഗങ്ങളിലെ ആഗോള വ്യക്തിത്വങ്ങളായ അമ്പതു പേര്‍ മാര്‍പാപ്പയ്ക്കു പുറമെ ഈ പരിപാടിയില്‍ പങ്കെടുത്തു.
നാളെയല്ല, ഇന്നു തന്നെ നാം ഇക്കാര്യങ്ങള്‍ക്കായി പുറപ്പെടണമെന്നും ഓരോ ദിനവും വിലപ്പെട്ടതാണെന്നും മാര്‍പാപ്പ പറഞ്ഞു. അടിയന്തിരമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു ശാസ്ത്രം നമ്മോടാവശ്യപ്പെടുന്നു. സമൂലമായ മാറ്റങ്ങള്‍ ഉടന്‍ വരുത്തുന്നില്ലെങ്കില്‍ ദുരന്താത്മകമായ കാലാവസ്ഥാ വ്യതിയാനമാണുണ്ടാകുക. ഇതൊരു ശാസ്ത്രീയ വസ്തുതയാണ്. പാരിസ്ഥിതികമായ ഉത്കണ്ഠ ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യരെ കുറിച്ചുള്ള ഉത്കണ്ഠയുമായി ചേര്‍ന്നു പോകേണ്ടതുണ്ട്. വിശേഷിച്ചും ദരിദ്രരുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം. കാരണം, കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും ഏറ്റവും പ്രതികൂലമായി ബാധിക്കുക ദരിദ്രരെയാണ്. ദരിദ്രരെ അവഗണിക്കുന്നതും നമ്മുടെ പൊതുഭവനമായ ഭൂമിയെ ദ്രോഹിക്കുന്നതുമായ തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ല. -മാര്‍പാപ്പ വിശദീകരിച്ചു.