സഭയിലെ പ്രതിസന്ധി നവീകരണത്തിനുള്ള ആഹ്വാനമെന്നു മാര്‍പാപ്പ

സഭയിലെ പ്രതിസന്ധി നവീകരണത്തിനുള്ള ആഹ്വാനമെന്നു മാര്‍പാപ്പ
Published on

സഭയില്‍ നിലവിലുള്ള പ്രതിസന്ധിയെ നവീകരണത്തിനുള്ള ആഹ്വാനമായി കാണണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. സഭയ്ക്കും സമൂഹത്തിനും ഈ ക്രിസ്മസ് പ്രതിസന്ധിയുടെ ഒരു കാലമാണെന്ന് റോമന്‍ കൂരിയായ്ക്കു നല്‍കിയ വാര്‍ഷിക ക്രിസ്മസ് സന്ദേശത്തില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സഭ എപ്പോഴും ഒരു മണ്‍പാത്രമാണ്. അതിന്റെ പ്രത്യക്ഷരൂപമല്ല മറിച്ച്, ഉള്ളടക്കമാണ് അതിനെ അമൂല്യമാക്കുന്നത്. നമ്മെ നിര്‍മ്മിച്ചിരിക്കുന്ന കളിമണ്ണ് പൊട്ടിയതും കോടിയതും കേടു വന്നതുമായി കാണപ്പെടുന്ന ഒരു കാലമാണിതെന്നതു പ്രകടമാണ് – മാര്‍പാപ്പ വ്യക്തമാക്കി.
ഉതപ്പുകളുടെയും പരാജയങ്ങളുടെയും പാപങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും തിരിച്ചടികളുടെയും ഒരു പരമ്പരയായി മാത്രം നമ്മുടെ സമീപകാല ചരിത്രത്തെ കാണാന്‍ യാഥാര്‍ത്ഥ്യബോധം നമുക്കിടയാക്കുന്നുണ്ടെങ്കിലും നാം ഭയപ്പെടേണ്ടതില്ല – മാര്‍പാപ്പ തുടര്‍ന്നു: നമ്മിലെയും നമ്മുടെ സമൂഹങ്ങളിലെയും സകലതും മരണത്താ ലും മാനസാന്തരത്തിനുള്ള ആഹ്വാനത്താലും മുദ്രിതമാണ്. സുവിശേഷത്തി നു നിരക്കാത്ത ജീവിത, ചിന്താ, പ്രവര്‍ത്തനശൈലികള്‍ ഉപേക്ഷിക്കണമെന്ന ശക്തമായ ഓര്‍മ്മപ്പെടുത്തലാണ് വെളിച്ചത്തു വരുന്ന തെറ്റുകളും തിന്മകളും ബലഹീനതകളും – മാര്‍പാപ്പ വിശദീകരിച്ചു.
സഭയുടെ ഭരണകാര്യാലയത്തെയും പരിഷ്‌കരണങ്ങളെയും കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളും ഭാവിയിലേയ്ക്കുള്ള നയങ്ങളും അവതരിപ്പിക്കുന്നതിനുള്ള അവസരമായിട്ടാണ് വര്‍ഷം തോറും ക്രിസ്മസിനു മുന്നോടിയായി കൂരിയാ അംഗങ്ങള്‍ക്കു നല്‍കുന്ന സന്ദേശത്തെ മാര്‍പാപ്പ കാണാറുള്ളത്. സഭ ഇപ്പോള്‍ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നും അതിനെ സഭാനവീകരണത്തിനുള്ള അവസരമായി കാണണമെന്നും ഈ സന്ദേശത്തില്‍ മാര്‍പാപ്പ ആവര്‍ത്തിച്ചു പറഞ്ഞു. പ്രതിസന്ധിയെന്ന വാക്ക് 44 തവണയാണ് ഈ പ്രസംഗത്തില്‍ മാര്‍പാപ്പ ഉപയോഗിച്ചിട്ടുള്ളത്.
നാം ശരിക്കും നവീകരണം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പൂര്‍ണമായും തുറവിയുള്ളവരായിരിക്കാനുള്ള ധീരത നമുക്കുണ്ടാകണമെന്നു മാര്‍പാപ്പ പറഞ്ഞു. നവീകരണമെന്നാല്‍ പഴയ വസ്ത്രത്തില്‍ ഒരു തുന്നലിടുന്നതല്ല. പുതിയൊരു അപ്പസ്‌തോലിക പ്രഖ്യാപനം ഇറക്കുന്നതുമല്ല. സഭാനവീകരണമെന്നാല്‍ മറ്റു ചിലതാണ്. പ്രതിസന്ധിയില്‍ നിന്നു ജനിക്കുന്നതും പരിശുദ്ധാത്മാവിന്റെ ഹിതപ്രകാരമുള്ളതുമായ ഒരു പുതുമ സഭയുടെ ചരിത്രത്തിലുടനീളം ഉണ്ടായിട്ടുണ്ട്. ഗോതമ്പുമണി നിലത്തു വീണ് അഴിയുന്നില്ലെങ്കില്‍ അതു ഫലം പുറപ്പെടുവിക്കുകയില്ല എന്ന യേശുവിന്റെ വാക്കുകള്‍ അതു വ്യക്തമാക്കുന്നുമുണ്ട്. ഈ പുതുമ പഴമയ്ക്ക് എതിരല്ല, മറിച്ച് അതില്‍ നിന്നു ജനിക്കുന്നതും അതിനെ നിരന്തരം ഫലദായകമാക്കുന്നതുമാണ് -മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org