
ഫ്രാന്‍സിസ് മാര്‍പാപ്പയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിയര്‍ക്കീസ് കിറിലും തമ്മില്‍ സംഭാഷണം നടത്തി. ഉക്രെയിന്‍ യുദ്ധത്തെ കുറിച്ചായിരുന്നു സംഭാഷണമെന്നും അവിടെ സമാധാനം സ്ഥാപിക്കുന്നതിനായി ക്രൈസ്തവരും സഭാദ്ധ്യക്ഷന്മാരും സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വത്തിക്കാന്‍ വ്യക്തമാക്കി. സഭ രാഷ്ട്രീയത്തിന്റെ ഭാഷയല്ല, യേശുവിന്റെ ഭാഷയാണ് ഉപയോഗിക്കേണ്ടതെന്ന കാര്യത്തില്‍ ഇരു സഭാദ്ധ്യക്ഷന്മാരും യോജിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്കു സന്നദ്ധനായതിനു പാത്രിയര്‍ക്കീസിനു പാപ്പാ നന്ദി പറഞ്ഞുവെന്നും പത്രക്കുറിപ്പ് വിശദീകരിച്ചു. വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെയാണ് കത്തോലിക്കാ, ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്മാര്‍ കൂടിക്കാഴ്ച നടത്തിയത്.
നാം ഏകദൈവത്തിലും പരിശുദ്ധ ത്രിത്വത്തിലും പരിശുദ്ധ ദൈവമാതാവിലും വിശ്വസിക്കുന്ന ഒരേ ദൈവജനത്തിന്റെ ഇടയന്മാരാണെന്നും അതുകൊണ്ടാണ് സഹിക്കുന്നവരെ സഹായിക്കാനും സമാധാനം സ്ഥാപിക്കാനും അക്രമം അവസാനിപ്പിക്കാനുമായി ഒന്നിച്ചു നില്‍ക്കുന്നതെന്നും മാര്‍പാപ്പ കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി. യുദ്ധം അവസാനിപ്പിക്കുന്നതിനു സംഭാഷണം നടത്തുക സുപ്രധാനമാണ്. യുദ്ധത്തിന്റെ ചെലവു വഹിക്കുന്നത് ജനങ്ങളാണ്. കൊല്ലപ്പെടുന്നതു റഷ്യന്‍ ഭടന്മാരും ജനങ്ങളുമാണ്. സഹനമനുഭവിക്കുന്നവരെ സഹായിക്കുക അജപാലകരുടെ കടമയാണ്. സഭകള്‍ യുദ്ധത്തെയോ വിശുദ്ധയുദ്ധത്തെയോ കുറിച്ചു സംസാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇനി നമുക്കതുപോലെ സംസാരിക്കാനാവില്ല. സമാധാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ക്രൈസ്തവമനസാക്ഷി ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. - മാര്‍പാപ്പ വിശദീകരിച്ചു.
റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ ഏകദേശം പതിനഞ്ചു കോടിയോളം വിശ്വാസികളുണ്ട്. റഷ്യയില്‍ വന്‍ സ്വാധീനമുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ വിശ്വാസികള്‍ ഉക്രെയിനിലും ഉണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനു മാര്‍പാപ്പ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമാണ് ഈ കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ വത്തിക്കാന്‍ ക്രൈസ്തവൈക്യകാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ കുര്‍ട്ട് കോച്ചും പങ്കെടുത്തു.