''പ്രായമായവരുടെ രോഗം എന്തുകൊണ്ടു എനിക്കെന്നറിയില്ല!'': ആരോഗ്യപ്രശ്‌നത്തെ സ്വയം പരിഹസിച്ചു മാര്‍പാപ്പ

''പ്രായമായവരുടെ രോഗം എന്തുകൊണ്ടു എനിക്കെന്നറിയില്ല!'': ആരോഗ്യപ്രശ്‌നത്തെ സ്വയം പരിഹസിച്ചു മാര്‍പാപ്പ
Published on

വലതുകാല്‍മുട്ടിലൈ വേദന മൂലം നടക്കാന്‍ ബുദ്ധിമുട്ടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ അതേ കുറിച്ചു പറഞ്ഞു, ''ഇതു പ്രായമായവര്‍ക്കു വരുന്ന പ്രശ്‌നമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. പിന്നെ എന്തുകൊണ്ട് എനിക്കിതു വന്നുവെന്നറിയില്ല!'' മുട്ടുകാലിലെ ലിഗ്മെന്റിലെ നീരു മൂലം വിശുദ്ധവാരത്തിലെ ചടങ്ങുകള്‍ക്കുള്‍പ്പെടെ പാപ്പാ ചില നിയന്ത്രണങ്ങള്‍ പാലിച്ചിരുന്നു. കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ പരിശോധനകള്‍ക്കായി ഒരു ദിവസത്തെ പൊതുപരിപാടികള്‍ റദ്ദാക്കുകയും ചെയ്തു.

''കന്യാസ്ത്രീവേദന'' എന്നൊരിക്കല്‍ അറിയപ്പെട്ടിരുന്ന വേദനയാണ് ഇപ്പോള്‍ തനിക്കു വന്നിരിക്കുന്നതെന്നു തന്നെ സന്ദര്‍ശിച്ച ട്രിനിറ്റേറിയന്‍ സന്യാസികളോടു പാപ്പാ പറഞ്ഞു. ''കന്യാസ്ത്രീകള്‍ പ്രാര്‍ത്ഥിക്കുന്ന കാലമായിരുന്നു അത്! ഒരുപാടു നേരം മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയും മുട്ടുവേദന വരികയും ചെയ്യുമായിരുന്നു.'' - പാപ്പാ വിശദീകരിച്ചു. ഫോട്ടോയെടുത്തതിനു ശേഷം ഇരിക്കുമെന്ന് സന്യാസികളോടു മുന്‍കൂര്‍ ക്ഷമാപണത്തോടെ പറയുകയായിരുന്നു മാര്‍പാപ്പ.

85 കാരനായ പാപ്പായുടെ നടപ്പ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുറെ പരിമിതപ്പെടുത്തിയിട്ടുണ്ട്. പുതുഞായറാഴ്ച അദ്ദേഹം സുവിശേഷപ്രസംഗം നടത്തിയെങ്കിലും ദിവ്യബലിയില്‍ കാര്‍മ്മികത്വം വഹിച്ചില്ല. ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴിയില്‍ ക്രൂശിതരൂപത്തെ മുട്ടുകുത്തി പ്രണമിക്കുന്ന പതിവും ഒഴിവാക്കിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org