വിവാദ സമര്‍പ്പിതസമൂഹത്തിന്റെ മേധാവി മാര്‍പാപ്പയെ സന്ദര്‍ശിച്ചു

വിവാദ സമര്‍പ്പിതസമൂഹത്തിന്റെ മേധാവി മാര്‍പാപ്പയെ സന്ദര്‍ശിച്ചു

പെറു ആസ്ഥാനമായുള്ള സൊഡാലിറ്റിയം ക്രിസ്ത്യാനേ വീത്തേ എന്ന സമര്‍പ്പിത സമൂഹത്തിന്റെ സുപീരിയര്‍ ജനറല്‍ ജോസ് ഡേവിഡ് കൊറെയ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടു. വത്തിക്കാന്‍ അധികാരികളുടെ നേതൃത്വത്തില്‍ ഈ സമൂഹത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവീകരണങ്ങളെ കുറിച്ച് അദ്ദേഹം പാപ്പായുമായി സംസാരിച്ചു.
സ്ഥാപകനായ ലുയി ഫെര്‍ണാണ്ടോ ഫിഗാരിയ്‌ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളാണ് ഈ സമൂഹത്തെ വിവാദ വിധേയമാക്കിയത്. 1971 ല്‍ പെറുവില്‍ സ്ഥാപിതമായ ഈ സമര്‍പ്പിതസമൂഹത്തിന് 1997 ല്‍ പൊന്തിഫിക്കല്‍ പദവി ലഭിച്ചു. സ്ഥാപകന്‍ കടുത്ത അധികാരദുര്‍വിനിയോഗവും ലൈംഗികചൂഷണങ്ങളും അംഗങ്ങള്‍ക്കെതിരെ നിരന്തരമായി നടത്തിയിരുന്നു എന്ന് അന്വേഷണകമ്മീഷന്‍ കണ്ടെത്തി. 2010 ല്‍ ഫിഗാരി സുപീരിയര്‍ ജനറല്‍ പദവിയില്‍ നിന്ന് ഒഴിവായി. തുടര്‍ന്ന് വത്തിക്കാന്‍ അദ്ദേഹത്തിന്റെ താമസം ഇറ്റലിയിലേയ്ക്കു മാറ്റുകയായിരുന്നു. സമര്‍പ്പിത സമൂഹത്തിലെ അംഗങ്ങളുമായി ബന്ധപ്പെടുന്നതു വിലക്കിയിട്ടുണ്ട്. വളരെ ഗൗരവതരമായ കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ രേഖാമൂലമുള്ള അനുമതി വാങ്ങിയ ശേഷം പെറുവിലേയ്ക്ക് അദ്ദേഹത്തിനു യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂ.
9 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ സമൂഹത്തില്‍ ഇപ്പോള്‍ നാല്‍പതിനായിരത്തോളം അംഗങ്ങളുണ്ട്. കൊളംബിയന്‍ സ്വദേശിയായ ഇപ്പോഴത്തെ സുപീരിയര്‍ ജനറല്‍ ഈ സ്ഥാനത്ത് എത്തുന്ന പെറു സ്വദേശിയല്ലാത്ത ആദ്യത്തെയാളാണ്. വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെ, ഈ സമൂഹത്തെ പിരിച്ചു വിടണമെന്നു പെറുവിലെ കാര്‍ഡിനല്‍ പെദ്രെ ബരെറ്റോ ജിമെനോ അഭിപ്രായപ്പെട്ടിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org