
ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ രണ്ടു വര്‍ഷം തടവില്‍ കഴിഞ്ഞ ശേഷം മോചിപ്പിക്കപ്പെട്ട മിഷണറി വൈദികനെ ഫ്രാന്‍സിസ് മാര്‍പാപ്പ കൈ മുത്തി സ്വീകരിച്ചു. നൈജറിലെ തന്റെ ഇടവകപ്പള്ളിയില്‍ നിന്നാണ് ഇറ്റാലിയന്‍ സ്വദേശിയായ ഫാ. പിയര്‍ ലൂയിജി മക്കാല്ലിയെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. മാലിയില്‍ മോചിപ്പിക്കപ്പെട്ട അദ്ദേഹം ഇറ്റലിയിലെ കുടുംബവീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. നൈജറിലെ സഭയുടെ വിവരങ്ങള്‍ മാര്‍പാപ്പ തന്നില്‍ നിന്നു സാകൂതം ശ്രവിച്ചുവെന്നും അദ്ദേഹം തന്റെ കൈ മുത്തുമെന്നു തീരെ പ്രതീക്ഷിച്ചില്ലെന്നും 59 കാരനായ ഫാ. മക്കാല്ലി പറഞ്ഞു.
മരുഭൂമിയിലായിരുന്നു തന്റെ തടങ്കല്‍ വാസമെന്നു അദ്ദേഹം അറിയിച്ചു. ജീവിക്കാന്‍ എന്താണ് ഏറ്റവും ആവശ്യമെന്നു മരുഭൂമിയിലെ താമസം പഠിപ്പിച്ചു തരും. അല്‍പം ജലവും കുറച്ച് ആഹാരവും മാത്രമാണു ജീവിക്കാനാവശ്യമെന്നു നാം തിരിച്ചറിയും. എന്നും ഒരേ ആഹാരമാണെങ്കിലും മരുഭൂമിയില്‍ അതു നമ്മെ മടുപ്പിക്കുകയില്ല. ശാന്തിക്കും ക്ഷമയ്ക്കും സാഹോദര്യത്തിനും പ്രാധാന്യം നല്‍കുന്ന ആത്മീയജീവിതമാണു മരുഭൂമിയിലേത് – അദ്ദേഹം വിശദീകരിച്ചു.