കുടിയേറ്റക്കാരില്‍ ക്രിസ്തുവിനെ കാണുക: മാള്‍ട്ടായില്‍ മാര്‍പാപ്പ

കുടിയേറ്റക്കാരില്‍ ക്രിസ്തുവിനെ കാണുക: മാള്‍ട്ടായില്‍ മാര്‍പാപ്പ

മാള്‍ട്ടായുടെ തീരങ്ങളിലെത്തിച്ചേരുന്ന കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും സഹായങ്ങള്‍ ചെയ്യുമ്പോള്‍ ക്രിസ്തുവിനെ തന്നെയാണ് സഹായിക്കുന്നതെന്നു അവിടത്തെ ജനങ്ങളോടു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ജീവിതത്തിന്റെ കൊടുങ്കാറ്റുകളെ മറികടന്നെത്തുന്ന അനേകര്‍ക്കു മാള്‍ട്ടാ ഒരു കാന്തം പോലെയും രക്ഷയുടെ തുറമുഖം പോലെയുമാണ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. മാള്‍ട്ടാ സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പ അവിടത്തെ പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു. സമുദ്രത്തിലൂടെ യൂറോപ്പിലേയ്ക്കു കുടിയേറാന്‍ നിയമവിരുദ്ധമായി യാത്ര ചെയ്യുന്ന അനേകര്‍, മെഡിറ്ററേനിയന്‍ സമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ മാള്‍ട്ടായിലാണ് എത്തിച്ചേരുന്നത്. കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും വരവിനെ എതിര്‍ക്കുന്നവരും ഇവിടെയുണ്ട്. ലിബിയ, സിറിയ, സോമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെയെത്തുന്ന അഭയാര്‍ത്ഥികളിലേറെയും. ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള ഇടത്താവളമായിട്ടാണ് ഇവരില്‍ പലരും മാള്‍ട്ടായെ കാണുന്നത്.

അഞ്ചു ലക്ഷത്തോളം ജനങ്ങളുള്ള മാള്‍ട്ടായില്‍ ഭൂരിപക്ഷവും കത്തോലിക്കരാണ്. വി. പൗലോസ് ശ്ലീഹായുടെ സുവിശേഷപ്രഘോഷണയാത്രകളുടെ ചരിത്രഭൂമിയുമാണിത്. ഭ്രൂണഹത്യ പൂര്‍ണമായ നിരോധിച്ചിരിക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ഏകരാഷ്ട്രമാണു മാള്‍ട്ടാ. അതേസമയം സ്വവര്‍ഗവിവാഹവും കാരണം കൂടാതെയുള്ള വിവാഹമോചനവും ഭ്രൂണശീതീകരണവുമെല്ലാം കഴിഞ്ഞ ദശകത്തില്‍ നിയമവിധേയമായിട്ടുണ്ട്.

2022 ലെ മാര്‍പാപ്പയുടെ ആദ്യത്തെ വിദേശയാത്രയാണ് ഇത്. മാള്‍ട്ടായില്‍ എത്തിച്ചേര്‍ന്നയുടന്‍ സിവില്‍ അധികാരികളോടു സംസാരിക്കുമ്പോള്‍ പാപ്പ ഉക്രെയിന്‍ യുദ്ധത്തിനെതിരായ നിലപാട് ആവര്‍ത്തിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org