യുദ്ധവും ആണവായുധങ്ങളും ഇനി വേണ്ട -ഫ്രാന്‍സിസ് മാര്‍പാപ്പ

യുദ്ധവും ആണവായുധങ്ങളും ഇനി വേണ്ട -ഫ്രാന്‍സിസ് മാര്‍പാപ്പ

യുദ്ധങ്ങളും ആണവായുധങ്ങളും ഇനി വേണ്ടെന്ന് ആണവസ്ഫോടനം നടന്ന ഹിരോഷിമായിലെ സമാധാന സ്മാരക ഉദ്യാനത്തില്‍ നിന്നുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. സംഘര്‍ഷങ്ങള്‍ക്കു പരിഹാരമായി ആണവായുധപ്രയോഗം ആകാമെന്ന ഭീഷണി സ്ഥിരമായി നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണു നമുക്കു സമാധാനത്തെക്കുറിച്ചു പറയാനാകുക? ഇവിടെ മനുഷ്യര്‍ സഹിച്ച വേദനയുടെ ആഴം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നാമൊരിക്കലും കടന്നു കൂടാത്ത അതിരുകളെ കുറിച്ചാണ്. നിരായുധ സമാധാനം മാത്രമേ യഥാര്‍ത്ഥ സമാധാനം ആകുകയുള്ളൂ – മാര്‍പാപ്പ വിശദീകരിച്ചു.

1945 ആഗസ്റ്റ് ആറിനാണ് അമേരിക്ക ഹിരോഷിമായില്‍ ആണവബോംബ് ഇട്ടത്. 80,000 പേരാണ് തത്ക്ഷണം മരിച്ചത്. കെട്ടിടങ്ങളില്‍ 90 ശതമാനവും നാമാവശേഷമായി. ആ വര്‍ഷം അവസാനിച്ചപ്പോഴേയ്ക്കും മരണസംഖ്യ 1.4 ലക്ഷമായി ഉയര്‍ന്നു. ആണവവികിരണങ്ങള്‍ മൂലം ആന്തരീകരക്തസ്രാവവും രക്താര്‍ബുദവും ബാധിച്ചായിരുന്നു മരണങ്ങള്‍.

സമാധാനമെന്നാല്‍ യുദ്ധമില്ലാതിരിക്കുന്ന അവസ്ഥ മാത്രമല്ലെന്നു മാര്‍പാപ്പ വ്യക്തമാക്കി. നീതിയുടെയും വികസനത്തിന്‍റേയും ഐകമത്യത്തിന്‍റേയും പൊതുഭവനമായ ഭൂമിയോടുള്ള കരുതലിന്‍റെയും പൊതുനന്മയിലുള്ള താത്പര്യത്തിന്‍റേയും ഫലമായി ഉണ്ടാകുന്നതാണു സമാധാനം. ഇതിനായി നാം നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം. സത്യത്തിലും നീതിയിലും പടുത്തുയര്‍ത്തുകയും ഉപവി കൊണ്ടു നവീകരിക്കപ്പെടുകയും ചെയ്യുന്നില്ലെങ്കില്‍ സമാധാനമെന്നത് ഒരു പൊള്ളവാക്കായി തുടരും.

ആണവബോംബു വീണ സ്ഥാനത്ത് ആക്രമണം നടന്നു പത്തു വര്‍ഷത്തിനു ശേഷമാണ് ജപ്പാന്‍ ഭരണകൂടം സമാധാന ഉദ്യാനം സ്ഥാപിച്ചത്. ഹിരോഷിമായ സമാധാനനഗരമായി പ്രഖ്യാപിക്കുകയും ചെയ്തു. സമാധാനത്തിന്‍റെ ഒരു തീര്‍ത്ഥാടകനായി ജപ്പാനില്‍ വരികയും നിശബ്ദമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക, അക്രമത്തിന്‍റെ ഇരകളെ സ്മരിക്കുക എന്നത് താന്‍ ഒരു കടമയായി കണ്ടിരുന്നുവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ആണവായുധങ്ങള്‍ പ്രയോഗിക്കുന്നതും അവ സൂക്ഷിക്കുന്നതും അധാര്‍മ്മികമാണെന്നും അതിന്‍റെ പേരില്‍ നാം ഭാവിയില്‍ വിധിക്കപ്പെടുമെന്നും പാപ്പാ വ്യക്തമാക്കി.

ജപ്പാനില്‍ ഒരു മിഷണറിയായി വരാന്‍ യൗവനത്തില്‍ ആഗ്രഹിച്ചിരുന്നയാളാണു താനെന്ന ജപ്പാന്‍ സന്ദര്‍ശനവേളയില്‍ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചിരുന്നു. ഫ്രാന്‍സിസ് സേവ്യറില്‍ നിന്നു പ്രചോദനം സ്വീകരിച്ച് ജപ്പാനില്‍ വരാന്‍ ഈശോസഭാവൈദികനെന്ന നിലയില്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ടോക്യോയിലെ ജപ്പാനിലെ കത്തോലിക്കാ മെത്രാന്മാരെ അഭിസംബോധന ചെയ്യുമ്പോഴാണു പാപ്പാ പറഞ്ഞത്. 470 വര്‍ഷം മുമ്പ് വി. ഫ്രാന്‍സിസ് സേവ്യര്‍ ജപ്പാനില്‍ സുവിശേഷപ്രഘോഷണം നടത്തിയിരുന്നു. 17-ാം നൂറ്റാണ്ടില്‍ ജപ്പാനില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളായ വി. പോള്‍ മികി, വാഴ്ത്തപ്പെട്ട ജസ്റ്റോ തകയാമ എന്നിവരേയും മാര്‍പാപ്പ അനുസ്മരിച്ചു. നാഗസാക്കിയിലെ കത്തോലിക്കര്‍ 200 കൊല്ലത്തോളം തങ്ങളുടെ വിശ്വാസം രഹസ്യമായി സൂക്ഷിക്കുകയും അനന്തരതലമുറകള്‍ക്കു കൈമാറുകയും ചെയ്താണു നിലനിറുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജപ്പാനിലെ ജനസംഖ്യയില്‍ അര ശതമാനത്തില്‍ താഴെയാണു കത്തോലിക്കര്‍. ഇവരില്‍ പകുതിയോളം പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നു ജോലിക്കായി എത്തിയവരുമാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org