
മാനവസമൂഹത്തിന്റെ പൊതുനന്മയ്ക്കുപരിയായി ദേശീയവാദങ്ങള്‍ക്കും സാംസ്‌കാരിക തനിമകളുടെ സംരക്ഷണത്തിനും കുടിയേറ്റവിരോധത്തിനും പ്രാധാന്യം കൊടുക്കുന്നതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചു. ഹംഗറിയിലേയ്ക്കും സ്ലോവാക്യയിലേയ്ക്കും നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടയിലെ പ്രഭാഷണങ്ങളില്‍ മാര്‍പാപ്പ അതിരുകള്‍ക്കതീതമായ മാനവസാഹോദര്യത്തിനു വേണ്ടി വാദിച്ചു. ഏതാനും ദശകങ്ങള്‍ക്കു മുമ്പുവരെ ഈ രാജ്യങ്ങളിലെ സ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനു കീഴ്‌പ്പെട്ടിരുന്നെങ്കില്‍ ഇന്നത് ലാഭവും വ്യക്തിപരമായ അവകാശങ്ങളും മാത്രം ലക്ഷ്യമാക്കുന്നതായി ചുരുങ്ങിയിരിക്കുകയാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ യൂണിയന്റെ പൊതുനയങ്ങള്‍ക്കു വിരുദ്ധമായി സ്ലോവാക്യയും ഹംഗറിയും പോളണ്ടുമെല്ലാം കടുത്ത കുടിയേറ്റവിരുദ്ധതയും മാധ്യമസ്വാതന്ത്ര്യലംഘനങ്ങളും മറ്റും നടത്തുന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ പ്രസ്താവന.
സഹായങ്ങള്‍ അര്‍ഹിക്കുന്നവരെ പരിഗണിക്കുന്നതും സ്വാഗതം ചെയ്യുന്നതുമായ സമീപനം ഒരു രാജ്യത്തിന്റെ ക്രൈസ്തവപൈതൃകം സംരക്ഷിക്കുന്നതിനു തടസ്സമാകുന്നില്ലെന്നു ഹംഗറിയില്‍ മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു. മുസ്ലീം കുടിയേറ്റം ഹംഗറിയുടെ പൈതൃകം നശിപ്പിക്കുമെന്ന ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാനിന്റെ നിലപാടിനോടുള്ള പ്രതികരണമായാണ് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ മാര്‍പാപ്പ ഇതു പറഞ്ഞത്. മറ്റുള്ളവരെ ഒരു ഭാരമായോ പ്രശ്‌നമായോ അല്ല, സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട സഹോദരങ്ങളായി കാണുകയാണ് ക്രിസ്തീയമായ മാര്‍ഗം. സുവിശേഷത്തിന്റെ സര്‍ഗാത്മകതയാണ്, സ്വയംരക്ഷാസമീപനമല്ല ക്രൈസ്തവര്‍ സ്വീകരിക്കേണ്ടത്. സഭ ഒരു കോട്ടയല്ല, ശക്തികേന്ദ്രമല്ല, ഒരുയര്‍ന്ന കൊട്ടാരമല്ല, താഴെയുള്ള ലോകത്തെ ഉയരത്തില്‍ നിന്നു വീക്ഷിച്ചുകൊണ്ടിരിക്കുന്ന സ്വയംപര്യാപ്തമായ ഒന്നല്ല. പാപ്പാ വിശദീകരിച്ചു. -മാര്‍പാപ്പ വിശദീകരിച്ചു.
ജനങ്ങളുടെ നിത്യജീവിതത്തില്‍ സഭ മുഴുകിയിരിക്കണമെന്നു പാപ്പാ പറഞ്ഞു. ജനങ്ങളുടെ ആത്മീയാവശ്യങ്ങളും പ്രതീക്ഷകളും എന്തൊക്കെയാണെന്നു നാം മനസ്സിലാക്കണം. സഭയില്‍ നിന്ന് അവര്‍ എന്താണു പ്രതീക്ഷിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കു പ്രത്യുത്തരമേകുക എന്നതാണ് ഏറ്റവും പ്രധാനം. യേശുവിന്റെ എളിമ കൈവരിക്കാന്‍ സഭ നിരന്തരം ശ്രമിക്കണം. എളിമയുള്ള ഒരു സഭയുടെ സൗന്ദര്യം എത്രയോ മഹത്തരമാണ്. ലോകത്തില്‍ നിന്നു ഏറെ ഉയരത്തില്‍ നിന്ന് അകല്‍ച്ചയോടെ ദൃഷ്ടി പായിക്കുകയല്ല, മറിച്ച്, ലോകത്തിനുള്ളില്‍ ജീവിക്കുകയാണു സഭ ചെയ്യേണ്ടത്. – മാര്‍പാപ്പ വിശദീകരിച്ചു.