
ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗനിര്‍ഭരമായ സേവനത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ നന്ദി പ്രകാശിപ്പിച്ചു. കോവിഡ് പകര്‍ച്ചവ്യാധി കാലത്ത് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തകരുടെ മാതൃക നമ്മിലെല്ലാവരിലും ആഴമേറിയ കൃതാര്‍ത്ഥത സൃഷ്ടിക്കുന്നു. നമുക്കെല്ലാവര്‍ക്കും ആത്മവിചിന്തനത്തിനുള്ള കാരണവുമാണ് ഇത്. പരസ്പരം കരുതലേകാനും അയല്‍സ്‌നേഹത്തിനു സാക്ഷ്യം വഹിക്കാനും നമ്മെ ഇതു വെല്ലുവിളിക്കുന്നു – മാര്‍പാപ്പ പറഞ്ഞു. കോവിഡ് പകര്‍ച്ചവ്യാധിക്കിടെ മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തകരുടെ ഒരു അനുസ്മരണശുശ്രൂഷയ്ക്കയച്ച സന്ദേശത്തിലാണ് മാര്‍ പാപ്പയുടെ ഈ പരാമര്‍ശങ്ങള്‍. ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയാണ് ചടങ്ങു സംഘടിപ്പിച്ചത്.
ആരോഗ്യപ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥസേവനം സ്വാര്‍ത്ഥതയ്‌ക്കെതിരായ ഒരു വാക്‌സിന്‍ പോലെ പ്രവര്‍ത്തിച്ചുവെന്നു മാര്‍പാപ്പ അഭിപ്രായപ്പെട്ടു. സഹായമര്‍ഹിക്കുന്നവരുടെ അടുത്തായിരിക്കാന്‍ മാനവഹൃദയത്തിലുള്ള ആഗ്രഹത്തിന്റെ പ്രകാശനമാണിത് – മാര്‍പാപ്പ വ്യക്തമാക്കി.
കോവിഡ് പകര്‍ച്ചവ്യാധിയുടെ ഭാഗമായി ഇറ്റലിയില്‍ മാത്രം 324 ഡോക്ടര്‍മാര്‍ മരിച്ചുവെന്നാണു കണക്ക്.