വേര്‍പെടുത്തിയ സയാമീസ് ഇരട്ടകള്‍ക്കു മാര്‍പാപ്പാ മാമോദീസ നല്‍കി

വേര്‍പെടുത്തിയ സയാമീസ് ഇരട്ടകള്‍ക്കു മാര്‍പാപ്പാ മാമോദീസ നല്‍കി

എര്‍വിനയും പ്രിഫിനയും ഇനി തികച്ചും രണ്ടു പേര്‍. അമ്മയുടെ ഉദരത്തില്‍ നിന്നു ശിരസ്സുകള്‍ ഒട്ടിച്ചേര്‍ന്ന വിധത്തില്‍ ജന്മമെടുത്ത ഈ കുഞ്ഞുങ്ങളെ വേര്‍പെടുത്തിയത് ഉണ്ണീശോയുടെ നാമത്തിലുള്ള വത്തിക്കാനിലെ പ്രസിദ്ധമായ പീഡിയാട്രിക് ആശുപത്രിയില്‍. തുടര്‍ന്ന് അമ്മയുടെ ആവശ്യപ്രകാരം കുഞ്ഞുങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മാമോദീസ നല്‍കി. മാര്‍പാപ്പയുടെ താമസസ്ഥലത്തെ ചാപ്പലിലായിരുന്നു മാമോദീസ. അമ്മയായ എര്‍മിനാണ് മാമോദീസയുടെ വിവരം, മാര്‍പാപ്പയ്ക്കു നന്ദി പറഞ്ഞുകൊണ്ടുള്ള പത്രസമ്മേളനത്തില്‍ അറിയിച്ചത്.


സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ഒരു ഗ്രാമത്തില്‍ 2018 ജൂണിലാണ് ഈ കുഞ്ഞുങ്ങള്‍ പിറന്നത്. മസ്തിഷ്‌കഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന സങ്കീര്‍ണമായ വിധത്തിലുള്ള സയാമീസ് ഇരട്ടകളായിരുന്നു ഇവര്‍. വത്തിക്കാനിലെ ബാംബിനോ ജെസു ഹോസ്പിറ്റലിന്റെ പ്രസിഡന്റ് ഈ രാജ്യത്തേയ്ക്കു നടത്തിയ സന്ദര്‍ശനത്തിനിടയില്‍ ഈ കുഞ്ഞുങ്ങളെ കാണുകയും ചികിത്സയ്ക്കായി വത്തിക്കാനിലേയ്ക്കു കൊണ്ടു വരികയുമായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ 2015 ല്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലേയ്ക്കു നടത്തിയ സന്ദര്‍ശനത്തിനു ശേഷം മാര്‍പാപ്പയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് കുഞ്ഞുങ്ങളുടെ ചികിത്സാകാര്യങ്ങളില്‍ സഹായിക്കുന്നതിനു വത്തിക്കാന്‍ ഹോസ്പിറ്റല്‍ അധികൃതര്‍ ഈ രാജ്യത്തെത്തിയത്.


ഒരു വര്‍ഷമായി വത്തിക്കാനിലെ ആശുപത്രിയില്‍ ഈ ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. രണ്ടു പ്രാഥമിക ശസ്ത്രക്രിയകള്‍ നേരത്തെ നടത്തി. ന്യൂറോ സര്‍ജന്മാരും അനസ്‌തേഷ്യോളജിസ്റ്റുകളും പ്ലാസ്റ്റിക് സര്‍ജന്മാരും ഉള്‍പ്പെടെ പല മേഖലകളില്‍ നിന്നുള്ള മുപ്പതു വൈദ്യശാസ്ത്രവിദഗ്ദ്ധര്‍ 18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണു കുഞ്ഞുങ്ങളെ വേര്‍പെടുത്തിയത്. കുഞ്ഞുങ്ങള്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്കുമുമ്പുള്ള ജീവിതത്തിന്റെ ഗുണനിലവാരം അതിനു ശേഷവും ഉണ്ടാകുമെന്ന് ആശുപത്രിയുടെ ധാര്‍മ്മികസമിതി നേരത്തെ ഉറപ്പാക്കിയിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org