യുദ്ധത്തിലെ ഉത്കണ്ഠ: മാര്‍പാപ്പ നേരിട്ട് റഷ്യന്‍ എംബസിയില്‍

യുദ്ധത്തിലെ ഉത്കണ്ഠ: മാര്‍പാപ്പ നേരിട്ട്  റഷ്യന്‍ എംബസിയില്‍
Published on

ഉക്രെയിനെ ആക്രമിച്ച് റഷ്യന്‍ സൈന്യം കടന്നു കയറിയ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ പതിവുരീതികള്‍ വിട്ട്, വത്തിക്കാനിലെ റഷ്യന്‍ എംബസിയില്‍ നേരിട്ടെത്തി യുദ്ധത്തിലെ ഉത്കണ്ഠ അറിയിച്ചു. മാര്‍ച്ച് 2 വിഭൂതി ബുധന്‍ സമാധാനത്തിനുവേണ്ടിയുള്ള ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ മാര്‍പാപ്പ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഉക്രെയിനിലെ സ്ഥിതി മോശമാകുന്നതില്‍ കടുത്ത ദുഃഖം പ്രകടിപ്പിച്ച മാര്‍പാപ്പ ദൈവത്തിനു മുമ്പാകെ ഗൗരവപൂര്‍ണമായ മനഃസാക്ഷി പരിശോധന നടത്താന്‍ ലോകനേതാക്കളോട് ആവശ്യപ്പെട്ടു. എല്ലാവരും ഭയപ്പെട്ടിരുന്ന ദുരന്തരംഗങ്ങള്‍ ദൗര്‍ഭാഗ്യവശാല്‍ യാഥാര്‍ത്ഥമായിരിക്കുകയാണെന്നും യുദ്ധത്തിന്റെ ഭീകരതകളില്‍ നിന്നു ലോകത്തെ രക്ഷിക്കാനുള്ള ജ്ഞാനമാണിന്നാവശ്യമെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ വീഡിയോ സന്ദേശത്തില്‍ പ്രസ്താവിച്ചിരുന്നു.

ഉക്രെനിയന്‍ ജനതയോടു ദീര്‍ഘകാലബന്ധമുള്ളയാളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. 12 വയസ്സുള്ളപ്പോള്‍ പൗരസ്ത്യറീത്തിലെ കുര്‍ബാനയില്‍ ശുശ്രൂഷിയാകാനും ഉക്രെനിയന്‍ ഭാഷ പഠിക്കാനും അന്ന് ബ്യൂവെനസ് അയേഴ്‌സിലുണ്ടായിരുന്ന ഒരു ഉക്രെനിയന്‍ മെത്രാന്‍ തന്നെ സഹായിച്ച വിവരം മാര്‍പാപ്പ അനുസ്മരിച്ചിട്ടുണ്ട്. 2016 ല്‍ ''ദ പോപ് ഫോര്‍ ഉക്രെയിന്‍'' എന്ന ജീവകാരുണ്യപദ്ധതിയും പാപ്പാ ആരംഭിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org