ഭിന്നിപ്പിലെ കത്തോലിക്കരുടെ പങ്കിനു ഗ്രീക് ഓര്‍ത്തഡോക്‌സ് സഭയോടു മാര്‍പാപ്പ മാപ്പപേക്ഷിച്ചു

ഭിന്നിപ്പിലെ കത്തോലിക്കരുടെ പങ്കിനു ഗ്രീക് ഓര്‍ത്തഡോക്‌സ് സഭയോടു മാര്‍പാപ്പ മാപ്പപേക്ഷിച്ചു

സഭയിലെ പിളര്‍പ്പില്‍ കത്തോലിക്കാസഭ വഹിച്ച പങ്കിന്റെ പേരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഗ്രീക് ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിയര്‍ക്കീസിനോടും സഭയോടും മാപ്പു ചോദിച്ചു. ''ലജ്ജാകരമാണ്, പാത്രിയര്‍ക്കീസ്, യേശുവിനോടോ സുവിശേഷത്തോടോ യാതൊരു ബന്ധവുമില്ലാത്തതും അധികാരദാഹത്താല്‍ പ്രേരിതവുമായ കത്തോലിക്കാസഭയുടെ നടപടികളും തീരുമാനങ്ങളും നമ്മുടെ കൂട്ടായ്മയെ ഗുരുതരമായ വിധത്തില്‍ ദുര്‍ബലമാക്കിയെന്നു ഞാന്‍ സമ്മതിക്കുന്നു,'' മാര്‍പാപ്പ പറഞ്ഞു. ഗ്രീസ് സന്ദര്‍ശനത്തനിടെ ആഥന്‍സില്‍ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസിനോടും നേതാക്കളോടും സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഭിന്നിപ്പു കൊണ്ടു നമ്മുടെ ഫലദായകത്വം ബലഹീനമായെന്നും ഇന്ന് കത്തോലിക്കര്‍ ചെയ്ത തെറ്റുകളുടെ പേരില്‍ സഹോദരങ്ങളോടു മാപ്പു ചോദിക്കേണ്ടതിന്റെ ആവശ്യകത തനിക്കനുഭവപ്പെടുന്നുണ്ടെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

മാര്‍പാപ്പ ഗ്രീസ് സന്ദര്‍ശിക്കുന്നതിനോടു ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാനുള്‍പ്പെടെ ചിലര്‍ എതിര്‍പ്പു രേഖപ്പെടുത്തിയിരുന്നു. പാപ്പാ പാഷണ്ഡവാദിയാണെന്ന പേരില്‍ സന്ദര്‍ശനവേളയിലും പ്രതിഷേധശബ്ദങ്ങളുയര്‍ന്നു. എന്നാല്‍ പാത്രിയര്‍ക്കീസും മെത്രാന്മാരും ഊഷ്മളമായ സ്വീകരണമാണു മാര്‍പാപ്പയ്ക്കു നല്‍കിയത്. 2001 ലെ സന്ദര്‍ശനത്തിനിടെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും സഭാപ്രശ്‌നങ്ങളിലെ കത്തോലിക്കരുടെ വീഴ്ചകള്‍ക്കു മാപ്പു ചോദിച്ചിരുന്നു.

1054 ലെ മഹാശീശ്മയ്ക്കു മുമ്പുള്ള അപ്പസ്‌തോലിക പാരമ്പര്യത്തിന്റെ ഒരേ വേരുകള്‍ പങ്കുവയ്ക്കുന്നവരാണ് കത്തോലിക്കരും ഓര്‍ത്തഡോക്‌സുകാരുമെന്നു മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. പലപ്പോഴും കാണുന്നില്ലെങ്കിലും മറഞ്ഞിരിക്കുകയാണെങ്കിലും ആ വേരുകള്‍ അവിടെയുണ്ട്. അവയാണ്് എല്ലാം നിലനിറുത്തുന്നത്. ദൗര്‍ഭാഗ്യവശാല്‍ ആദ്യനൂറ്റാണ്ടുകളില്‍ നല്ല ഫലങ്ങള്‍ പുറപ്പെടുവിച്ച ശേഷം ലൗകികതാത്പര്യങ്ങള്‍ നമ്മില്‍ വിഷം ചേര്‍ത്തു. സംശയത്തിന്റെ കളകള്‍ നമ്മള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചു. കൂട്ടായ്മ വളര്‍ത്തുന്നത് നാം അവസാനിപ്പിച്ചു. -മാര്‍പാപ്പ വിവരിച്ചു. ഓര്‍ത്തഡോക്‌സ് സഭകള്‍ക്കു പ്രിയപ്പെട്ട നിസ്സായിലെ വി. ഗ്രിഗറിയെയും വി. ബേസിലിനേയും ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ അവരോടു സംസാരിച്ചത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org