33 വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം കുറ്റവിമുക്തനായി പുറത്തിറങ്ങിയ ബെന്യാമിനോ സുഞ്ചെഡു എന്ന ഇറ്റാലിയന്‍ പൗരനു ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചു.
1991 ല്‍ മൂന്ന് ആട്ടിടയരെ കൊലപ്പെടുത്തി എന്ന കുറ്റത്തിനാണ് അദ്ദേഹത്തെ ജയിലില്‍ അടച്ചത്. ഇറ്റാലിയന്‍ ദ്വീപായ സാര്‍ദിനിയായിലെ മലനിരകളില്‍ ഒരു രാത്രി നടന്ന കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബെന്യാമിനോയെ കൊലക്കുറ്റത്തിന് ശിക്ഷിച്ചത്.
ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം ആയിരിക്കാനിടയുണ്ട് സാക്ഷിമൊഴി എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്, മതിയായ തെളിവുകള്‍ ഇല്ല എന്ന കാരണത്താല്‍ കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്. കൊലപാതകിയെ തിരിച്ചറിഞ്ഞില്ലെന്ന് ആദ്യം പറഞ്ഞ സാക്ഷി പിന്നീട് ബെന്യാമിനോയെ കണ്ടെന്ന് മാറ്റിപ്പറയുകയായിരുന്നു.
ബെന്യാമിനോ എഴുതിയ ''ഞാന്‍ നിരപരാധി'' എന്ന പുസ്തകം അദ്ദേഹം മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. അനീതിപരമായ തടവു ശിക്ഷയെ മൂന്ന് ദശകത്തില്‍ ഏറെ കാലം അതിജീവിക്കാനുള്ള കരുത്ത് തനിക്ക് ലഭിച്ചത് ദൈവത്തില്‍ ആശ്രയിച്ചത് കൊണ്ടാണെന്ന് ബെന്യാമിനോ പറഞ്ഞു. തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ച വ്യക്തിയോട് ക്ഷമിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.