
ദൈവവുമായുള്ള സുനിശ്ചിതമായ കണ്ടുമുട്ടലിനു തയ്യാറായി കാത്തിരിക്കുകയാണു 95 കാരനായ വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമനെന്നു അദ്ദേഹത്തിന്റെ കാലത്ത് വത്തിക്കാന്‍ വക്താവായി സേവനം ചെയ്ത ഫാ. ഫെഡറിക്കോ ലൊംബാര്‍ദി പറഞ്ഞു. ബെനഡിക്ടാ പാപ്പായുടെ പേരിലുള്ള ഫൗണ്ടേഷന്റെ അവാര്‍ഡ് നിര്‍ണയത്തെ കുറിച്ചറിയിക്കാന്‍ കഴിഞ്ഞ മെയ് മാസത്തിലാണ് ഫാ. ലൊംബാര്‍ദി അവസാനമായി പാപ്പായെ സന്ദര്‍ശിച്ചത്. എണ്‍പതു തികഞ്ഞ ഫാ. ലൊംബാര്‍ദി ഈശോസഭയുടെ ഇറ്റാലിയന്‍ പ്രൊവിന്‍ഷ്യലും വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രം ഡയറക്ടറുമായി സേവനം ചെയ്തിട്ടുണ്ട്.
അപാരമായ എളിമയാണ് വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമന്റെ ഏറ്റവും വലിയ നന്മയെന്നു ഫാ. ലൊംബാര്‍ദി പറഞ്ഞു. തന്നോടു സംസാരിക്കുമ്പോള്‍ എപ്പോഴും ഇറ്റാലിയന്‍ ഭാഷ ഉപയോഗിക്കുവാന്‍ പാപ്പാ ശ്രമിച്ചിരുന്നു. തന്റെ സെക്രട്ടറിയായ ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാന്‍സ്വീനോട് ജര്‍മ്മന്‍ ഭാഷയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, മറ്റുള്ളവര്‍ക്കായി കാര്യങ്ങള്‍ ഇറ്റാലിയനില്‍ ആവര്‍ത്തിക്കാന്‍ പാപ്പായ്ക്കു മടിയില്ലായിരുന്നു. ഫാ. ലൊംബാര്‍ദിയ്ക്കു ജര്‍മ്മന്‍ ഭാഷ അറിയാമെന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മാതൃഭാഷയില്‍ സംസാരിക്കാന്‍ പാപ്പാ ശ്രദ്ധിച്ചു. അതൊരു വലിയ വിനയവും മര്യാദയുമായിരുന്നുവെന്നു ഫാ. ലൊംബാര്‍ദി അനുസ്മരിക്കുന്നു.
ശാരീരികമായ അവശതകളുണ്ടെങ്കിലും മാനസീകമായി നല്ല ഓര്‍മ്മശക്തിയും ശാന്തതയും വ്യക്തതയും ബെനഡിക്ട് പാപ്പായ്ക്കുണ്ടെന്നും ഗാഢമായ പ്രാര്‍ത്ഥനാജീവിത്തിന്റെ ഫലമാകാം അതെന്നും ഫാ. ലൊംബാര്‍ദി വിശദീകരിച്ചു.