സോമാലിയയെ സഹായിക്കണമെന്നു മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന

സോമാലിയയെ സഹായിക്കണമെന്നു മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന

ഗുരുതരമായ വരള്‍ച്ചയെ തുടര്‍ന്നുള്ള ക്ഷാമത്തിലേയ്ക്കു നീങ്ങുന്ന സോമാലിയായിലെ ജനങ്ങളെ സഹായിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അന്താരാഷ്ട്രസമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ തന്നെ ആശങ്കാകുലമായ സ്ഥിതിയില്‍ കഴിയുന്ന സോമാലിയായെ വരള്‍ച്ച കൂടുതല്‍ ഗുരുതരാവസ്ഥയിലെത്തിച്ചിരിക്കുകയാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി. ഈ അടിയന്തിരസാഹചര്യം നേരിടുന്നതിനു അന്താരാഷ്ട്രസമൂഹം ഫലപ്രദമായി പ്രതികരിക്കേണ്ടതുണ്ട്. ദൗര്‍ഭാഗ്യവശാല്‍, യുദ്ധങ്ങള്‍ നമ്മുടെ ശ്രദ്ധയും വിഭവസ്രോതസ്സുകളും വഴിതെറ്റിക്കുകയാണ്. വിശപ്പിനെതിരെയുള്ള പോരാട്ടമാണ് നാം അടിയന്തിരപ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടത്. ആരോഗ്യവും വിദ്യാഭ്യാസവുമാണ് ഏറ്റവും പ്രധാനം. -മാര്‍പാപ്പ വിശദീകരിച്ചു.

ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ സോമാലിയയില്‍ 9 ലക്ഷത്തോളം പേര്‍ക്ക് ആഹാരം തേടി സ്വന്തം വീടുകളുപേക്ഷിച്ചു പോകേണ്ടി വന്നിട്ടുണ്ടെന്നു യു എന്‍ ഭക്ഷ്യ-കൃഷിസംഘടന റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാഹചര്യം കൂടുതല്‍ വഷളാകുകയാണെന്നും ക്ഷാമം എന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ കാത്തിരിക്കാനാവില്ലെന്നും ജീവനും ഉപജീവനമാര്‍ഗങ്ങളും രക്ഷിക്കാന്‍ ലോകം മുന്നിട്ടിറങ്ങണമെന്നും സംഘടന ആവശ്യപ്പെടുന്നു. കഴിഞ്ഞ നാല്‍പതു വര്‍ഷത്തിനിടെയുണ്ടായിട്ടുള്ള ഏറ്റവും വലിയ ക്ഷാമമാണ് ഇപ്പോള്‍ തങ്ങള്‍ നേരിടുന്നതെന്നു സോമാലിയയുടെ തലസ്ഥാനമായ മൊഗാഡിഷു രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ജോര്‍ജിയോ ബെര്‍ട്ടിന്‍ പറഞ്ഞു. പട്ടിണിയ്ക്കു പുറമെ ഇസ്ലാമിക ഭീകരവാദികളുടെ അക്രമങ്ങളും സോമാലിയയെ ദുരിതത്തിലാഴ്ത്തുന്നുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org