
കാനഡയില്‍ പര്യടനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ തദ്ദേശജനതയെ അഭിസംബോധന ചെയ്യുകയും റെസിഡെന്‍ഷ്യല്‍ സ്കൂളുകളുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങളുടെ പേരില്‍ അവരോടു മാപ്പു ചോദിക്കുകയും ചെയ്തു. ''തദ്ദേശജനതയെ കോളനിവത്കരിക്കാനുള്ള അധികാരികളുടെ മനോഭാവത്തെ നിരവധി ക്രൈസ്തവര്‍ പിന്തുണച്ചുവെന്നതു ഖേദകരമാണ്. എനിക്കതില്‍ ഗാഢമായ ഖേദമുണ്ട്. ഞാന്‍ ക്ഷമ ചോദിക്കുന്നു. റെസിഡെന്‍ഷ്യല്‍ സ്കൂളുകള്‍ എന്ന സംവിധാനത്തിലൂടെ സംസ്കാരങ്ങളെ നശിപ്പിക്കുന്നതിനും ബലം പ്രയോഗിച്ച് ലയിപ്പിച്ചെടുക്കുന്നതിനും അതതു കാലങ്ങളിലെ ഭരണകൂടങ്ങള്‍ ആവിഷ്കരിച്ച പദ്ധതികളോടു സഭയിലെ സന്യാസസമൂഹങ്ങളും സഭയും സഹകരിച്ചതിനു വിശേഷിച്ചും ഞാന്‍ ക്ഷമ ചോദിക്കുന്നു.'' മാര്‍പാപ്പ പറഞ്ഞു.
ആരോപണവിധേയമായ ഒരു റെസിഡെന്‍ഷ്യല്‍ സ്കൂള്‍ നിലനിന്നിരുന്ന സ്ഥലത്തായിരുന്നു കാനഡയിലെ മാര്‍പാപ്പയുടെ ആദ്യത്തെ പൊതുപരിപാടി. നിരവധി പൂര്‍വവിദ്യാര്‍ത്ഥികളുടെ കബറിടങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. സ്വന്തം വീടുകളിലും ഗോത്രഗ്രാമങ്ങളിലും നിന്ന് അടര്‍ത്തിയെടുത്ത് സ്കൂളുകളില്‍ താമസിപ്പിച്ചു പഠിപ്പിക്കുന്നതിനിടെ നിരവധി വിദ്യാര്‍ത്ഥികള്‍ മരണപ്പെടുകയും അവരുടെ മൃതദേഹങ്ങള്‍ സ്കൂള്‍ വളപ്പുകളില്‍ തന്നെ സംസ്കരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള കുറെ കബറിടങ്ങള്‍ പിന്നീടു പുറത്തു വരികയുണ്ടായി. അങ്ങനെയാണ് അക്കാലത്തെ ആദിവാസി വിദ്യാര്‍ത്ഥികള്‍ അനുഭവിച്ച സഹനങ്ങള്‍ ലോകത്തിനു മുമ്പിലെത്തിയത്. ഇതേ തുടര്‍ന്ന് സഭയ്ക്കെതിരെ വലിയ രോഷം ആദിവാസി സമൂഹത്തിലുണ്ടായിരുന്നു. അന്നു മുതല്‍ മുറിവുകളുണക്കാനുള്ള ശ്രമങ്ങള്‍ക്കു പാപ്പാ തുടക്കമിടുകയും ചെയ്തു. കനേഡിയന്‍ ആദിവാസി സമൂഹത്തിന്റെ പ്രതിനിധി സംഘങ്ങളെ പാപ്പാ വത്തിക്കാനിലേയ്ക്കു ക്ഷണിക്കുകയും അവിടെ വച്ച് അവരോടു ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. അവര്‍ക്കു നല്കിയ വാഗ്ദാനമനുസരിച്ചാണ് ഇപ്പോള്‍ കാനഡയില്‍ നേരിട്ടെത്തുകയും സഭയ്ക്ക് അന്നു തെറ്റു പറ്റി എന്ന് ആവര്‍ത്തിക്കുകയും ചെയ്തത്.
അനുരഞ്ജനത്തിലേയ്ക്കും മുറിവുണക്കുന്നതിലേയ്ക്കുമുള്ള പ്രയാണത്തിന്റെ ആദ്യ പടി മാത്രമാണിതെന്നും പാപ്പാ പറഞ്ഞു. ഭൂതകാലത്തു സംഭവിച്ച കാര്യങ്ങളെ കുറിച്ചുള്ള ഗൗരവപൂര്‍ണമായ ഒരു അന്വേഷണം നടത്തുകയും റെസിഡെന്‍ഷ്യല്‍ സ്കൂള്‍ അതിജീവിതരെ സഹായിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സ്കൂളുകളുടെ നടത്തിപ്പില്‍ ക്രൈസ്തവമായ ഉപവി പാടെ ഇല്ലാതിരുന്നിട്ടില്ല. കുഞ്ഞുങ്ങളോടു വലിയ പ്രതിബദ്ധതയും കരുതലും പുലര്‍ത്തിയ സംഭവങ്ങളും ധാരാളമുണ്ട്. പക്ഷേ റെസിഡെന്‍ഷ്യല്‍ സ്കൂള്‍ എന്ന സങ്കല്പത്തിന്റെ ആത്യന്തിക ഫലം ദുരന്തപൂര്‍ണമായിരുന്നു. യേശുക്രിസ്തുവിന്റെ സുവിശേഷത്തിനു വിരുദ്ധമായ വിനാശകരമായ തെറ്റായിരുന്നു അത്. ആദിവാസി ജനതയുടെ തനിമയുടെ അവശ്യഘടകങ്ങളായ ഭാഷയും സംസ്കാരവും മൂല്യങ്ങളുമെല്ലാം തുടച്ചു നീക്കപ്പെട്ടു എന്നത് വേദനാജനകമാണ്. അതിന് അവര്‍ ഇപ്പോഴും വില കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. അപലപനീയമായ ഈ തിന്മയുടെ പേരില്‍ സഭ ദൈവത്തിനു മുമ്പില്‍ മുട്ടുകുത്തി മാപ്പിരക്കുന്നു. ക്രൈസ്തവര്‍ ആദിവാസികളോടു ചെയ്ത തെറ്റുകളുടെ പേരില്‍, ലജ്ജയോടെ, അസങിഗ്ദ്ധമായി ഞാന്‍ അവരോടു ക്ഷമ യാചിക്കുന്നു. - മാര്‍പാപ്പ വിശദീകരിച്ചു.