സുദീര്‍ഘമായ ഏഷ്യന്‍ പര്യടനത്തിന്റെ ക്ഷീണം വകവയ്ക്കാതെ ഫ്രാന്‍സിസ് മാര്‍പാപ്പ ലക്‌സംബര്‍ഗ്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിന് പുറപ്പെടുന്നു. ലാറ്റിനമേരിക്കന്‍ സ്വദേശിയായ ഫ്രാന്‍സിസ് മാര്‍പാപ്പ വികസിത, പാശ്ചാത്യ രാജ്യങ്ങളെ തന്റെ സന്ദര്‍ശനങ്ങളുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വികസ്വര രാജ്യങ്ങളിലേക്കും കത്തോലിക്കര്‍ ന്യൂനപക്ഷമായിരിക്കുന്ന രാജ്യങ്ങളിലേക്കുമാണ് മാര്‍പ്പാപ്പ കൂടുതലും പോയിട്ടുള്ളത്. എങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ ബെല്‍ജിയത്തെ മറ്റൊരര്‍ത്ഥത്തില്‍ ഒരു മിഷന്‍ പ്രദേശം എന്ന് വിശേഷിപ്പിക്കാന്‍ കഴിയുമെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം, ഒരുകാലത്ത് കത്തോലിക്ക സംസ്‌കാരത്തിന്റെ കോട്ടയായിരുന്ന ഈ പ്രദേശങ്ങള്‍ ഇപ്പോള്‍ വലിയ മതനിരാസത്തിലൂടെ കടന്നുപോവുകയാണ്.
2022 ലെ കണക്കനുസരിച്ച് 50 ശതമാനം ബെല്‍ജിയം പൗരന്മാര്‍ മാത്രമാണ് തങ്ങള്‍ കത്തോലിക്കരാണ് എന്ന് രേഖപ്പെടുത്തിയത്. മുന്‍ ദശകത്തേക്കാള്‍ 16 ശതമാനം കുറവായിരുന്നിത്. ബെല്‍ജിയം കത്തോലിക്കാമെത്രാന്‍ സംഘത്തിന്റെ തന്നെ കണക്കാണിത്. ഈ 50 ശതമാനത്തില്‍ തന്നെ 8.9 ശതമാനം മാത്രമാണ് മാസത്തിലൊരിക്കലെങ്കിലും ദിവ്യബലിയില്‍ പങ്കെടുക്കുന്നത്.
ബെല്‍ജിയന്‍ സമൂഹത്തിന്റെ മതനിരാസപ്രവണത ഏറ്റവും പ്രകടമായി കാണുന്നത് കാരുണ്യവധം പോലുള്ള വിഷയങ്ങളിലാണ്.
കാരുണ്യവധം നിയമവിധേയമാക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ബെല്‍ജിയം. ആദ്യത്തേത് തൊട്ടയല്‍രാജ്യമായ നെതര്‍ലന്‍ഡ്‌സും. കാരുണ്യവധങ്ങളുടെ എണ്ണത്തില്‍ വലിയ കുതിച്ചു കയറ്റവും കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടെ ബെല്‍ജിയത്തില്‍ ഉണ്ടായിട്ടുണ്ട്. 2003 ല്‍ 235 കാരുണ്യവധങ്ങളാണ് ബെല്‍ജിയത്തില്‍ നടന്നതെങ്കില്‍ 2023 അത് 3,423 ആയി വര്‍ധിച്ചു.
കാരുണ്യവധം നരഹത്യ തന്നെയാണെന്നും അതിനോട് പ്രത്യക്ഷമായോ പരോക്ഷമായോ സഹകരിക്കുന്നത് യാതൊരുവിധത്തിലും നീതീകരിക്കാന്‍ ആവുകയില്ല എന്നുമാണ് ഏറ്റവുമൊടുവില്‍ 2020 വത്തിക്കാന്‍ വിശ്വാസകാര്യാലയം പുറത്തിറക്കിയ രേഖയിലും വ്യക്തമാക്കിയിട്ടുള്ളത്.
ബെല്‍ജിയം കാരുണ്യവധത്തെ നിയമവിധേയമാക്കിയപ്പോള്‍ ബെല്‍ജിയന്‍ കത്തോലിക്ക മെത്രാന്‍ സംഘം അതിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. അതേസമയം ബെല്‍ജിയന്‍ സഭയുടെ ചില തലങ്ങളില്‍ ഇതു സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങളും നിലനില്‍ക്കുന്നുണ്ട്.
ഇത്തരം വിഷയങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം അഭിസംബോധന ചെയ്യുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. 87 കാരനായ പാപ്പ വീല്‍ചെയറില്‍ സഞ്ചരിച്ചു കൊണ്ട് ഒരു വിദേശ രാജ്യത്ത് തന്റെ ദൗത്യനിര്‍വഹണത്തിന് എത്തിയത് മനുഷ്യജീവന്റെ മൂല്യത്തെക്കുറിച്ചുള്ള സംസാരിക്കാത്ത സാക്ഷ്യമായി മാറും എന്നും കരുതുന്നവരുണ്ട്.