പോളിഷ് മിഷണറി ബ്രസീലില്‍ കൊല്ലപ്പെട്ടു

പോളിഷ് മിഷണറി ബ്രസീലില്‍ കൊല്ലപ്പെട്ടു
Published on

ബ്രസീലില്‍ സേവനം ചെയ്യുകയായിരുന്ന പോളണ്ട് സ്വദേശിയായ ഫാ. കസിമീഴ്സ് വോയ്നോ കൊല്ലപ്പെട്ടു. കവര്‍ച്ചക്കാരാണ് കൊല ചെയ്തതെന്നു കരുതുന്നു. 71 കാരനായ അദ്ദേഹം രാത്രി പള്ളിയിലെ ജാഗരണ പ്രാര്‍ത്ഥനയ്ക്കു ശേഷം താമസസ്ഥലത്തെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്. വൈദികമന്ദിരത്തില്‍നിന്നു നിരവധി വസ്തുക്കള്‍ നഷ്ടമായിട്ടുണ്ട്. 46 വര്‍ഷം മുമ്പു വൈദികപട്ടം സ്വീകരിച്ച വോയ്നോ പോളണ്ടില്‍ നിന്നുള്ള ഒരു സംഘം മിഷണറിമാര്‍ക്കൊപ്പമാണ് ബ്രസീലില്‍ എത്തിയത്. നാല്‍പതു വര്‍ഷമായി ബ്രസീലിയന്‍ സഭയില്‍ സേവനം ചെയ്യുകയായിരുന്നു. എന്‍ജിനീയറായിരുന്ന അദ്ദേഹം സഭയുടെ നിരവധി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നു. ബ്രസീലിയ അതിരൂപതയില്‍ ഇടവകവികാരിയായി ജോലി ചെയ്യുന്നതിനിടെയായിരുന്നു ഇത്. സഭയ്ക്കു വേണ്ടി ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രസീലിയയില്‍ ഈ വര്‍ഷം പള്ളികളിലും സഭാസ്ഥാപനങ്ങളിലുമായി 163 കവര്‍ച്ചകള്‍ നടന്നതായി ഭരണകൂടം പറയുന്നു. ഫാ. വോയ്നോയുടേത് രക്തസാക്ഷിത്വം തന്നെയാണെന്ന് ബ്രസീലിയ അതിരൂപത ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ സെര്‍ജിയോ ഡാറോച്ചാ ചരമപ്രസംഗത്തില്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org