ജനതകളുടെ പുരോഗതി: ചാക്രികലേഖനത്തിന്‍റെ 50-ാം വാര്‍ഷികം

ജനതകളുടെ പുരോഗതി: ചാക്രികലേഖനത്തിന്‍റെ 50-ാം വാര്‍ഷികം
Published on

1967-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച ജനതകളുടെ പുരോഗതി (പോപുലോരും പ്രോഗ്രസിയോ) എന്ന ചാക്രികലേഖനത്തിന്‍റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സമ്മേളനം വത്തിക്കാനിലെ സിനഡ് ഹാളില്‍ നടത്തി. ചാക്രികലേഖനത്തിന്‍റെ ദൈവശാസ്ത്രപരവും നരവംശശാസ്ത്രപരവും അജപാലനപരവുമായ വീക്ഷണങ്ങള്‍ സമ്മേളനത്തില്‍ പഠനവിധേയമാക്കി. വത്തിക്കാന്‍ മനുഷ്യവികസനകാര്യാലയമാണ് സമ്മേളനം സംഘടിപ്പിച്ചത്. നീതി-സമാധാന കാര്യാലയം, കോര്‍ ഉനും, കുടിയേറ്റ-യാത്രാ കാര്യാലയം, ആരോഗ്യപ്രവര്‍ത്തക കാര്യാലയം എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് മാര്‍പാപ്പ സ്ഥാപിച്ചിരിക്കുന്നതാണ് പുതിയ മനുഷ്യവികസന കാര്യാലയം. കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ പീറ്റര്‍ ടര്‍ക്സണ്‍, വിശ്വാസകാര്യാലയം അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ജെരാര്‍ദ് മ്യൂള്ളര്‍, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.
മനുഷ്യാന്തസ്സിന് ഊന്നല്‍ നല്‍കുന്നതാകണം ഏതു വികസനവുമെന്ന് ചാക്രികലേഖനം ഉദ്ധരിച്ചുകൊണ്ട് കാര്‍ഡിനല്‍ മ്യുള്ളര്‍ വ്യക്തമാക്കി. മനുഷ്യജീവിതത്തിന്‍റെ ആത്മീയ ലക്ഷ്യത്തെ കുറിച്ചുള്ള അവബോധം നഷ്ടമായ ഏതു വികസന പ്രത്യയശാസ്ത്രവും ആരംഭത്തില്‍ ചില വിജയങ്ങള്‍ നേടിയേക്കാമെങ്കിലും ആത്യന്തികമായി പരാജയമായിരിക്കുമെന്ന് കാര്‍ഡിനല്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ്, ഡാര്‍വീനിയന്‍, യൂട്ടിലിസ്റ്റിക്, ക്യാപിറ്റലിസ്റ്റിക് പ്രത്യയശാസ്ത്രങ്ങളെല്ലാം ഇത്തരത്തില്‍ പരാജയപ്പെട്ടവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഭ സഭയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ലോബിയല്ല. മറിച്ച്, ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരുടെ അന്തസ്സ് സംരക്ഷിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസികളുടെ സമൂഹമാണ് – കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org