നിക്കരാഗ്വയില്‍ എസ്റ്റലി രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായ ഫാ. ഫ്രിടോസ് കോണ്‍സ്റ്റാന്റിനോയെ ചോദ്യം ചെയ്യലിന് വിധേയനാക്കുകയും സഭയുടെ തന്നെ ഒരു വൈദികപരിശീലന ഭവനത്തില്‍ തടവിലാക്കുകയും ചെയ്തതായി മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന അഭിഭാഷകയായ മര്‍ത്താ പെട്രീഷ്യ അറിയിക്കുന്നു.
80 കാരനായ ഫാ. കോണ്‍സ്റ്റാന്റിനോ നിരവധി രോഗങ്ങളുള്ള ആളാണ്. 2023 ലാണ് അദ്ദേഹത്തെ രൂപതയുടെ ഭരണാധികാരിയായി വത്തിക്കാന്‍ നിയമിച്ചത്. 2021 മുതല്‍ ഈ രൂപതയ്ക്ക് മെത്രാന്‍ ഇല്ല. രൂപതയില്‍ മൂന്നു ഡീക്കന്മാര്‍ക്ക് പൗരോഹിത്യപട്ടം നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. ഇതിനിടയിലാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ നടപടി. പട്ടങ്ങള്‍ റദ്ദാക്കാനാണ് സര്‍ക്കാരിന്റെ ഈ നീക്കം എന്ന് കരുതപ്പെടുന്നു.
നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം സഭയെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. ഏതാനും വര്‍ഷങ്ങള്‍ വീട്ടുതടങ്കലില്‍ ആക്കിയ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരെസിനെ 2023 ല്‍ 26 വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ച് ജയിലില്‍ അടച്ചുവെങ്കിലും ഈ വര്‍ഷം, വത്തിക്കാന്‍ ഇടപെടലിനെ തുടര്‍ന്ന് അദ്ദേഹത്തെ റോമിലേക്ക് പ്രവാസിയായി പോകാന്‍ അനുവദിച്ചിരുന്നു.