പാക്കിസ്ഥാനില്‍ അമുസ്ലിം വിദ്യാര്‍ത്ഥികളുടെ ഇസ്ലാം പഠനം അവസാനിപ്പിക്കുന്നു

പാക്കിസ്ഥാനില്‍ അമുസ്ലിം വിദ്യാര്‍ത്ഥികളുടെ ഇസ്ലാം പഠനം അവസാനിപ്പിക്കുന്നു

പാക്കിസ്ഥാനില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്ലാം നിര്‍ബന്ധമായും പഠിക്കേണ്ടിയിരുന്ന രീതി അവസാനിപ്പിച്ചു. അവര്‍ക്ക് ഇനി സ്വന്തം മതവിശ്വാസങ്ങളെക്കുറിച്ച് പഠിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഇതനുസരിച്ചുള്ള പുതിയ മതവിദ്യാഭ്യാസ പാഠ്യപദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു. പാകിസ്ഥാനിലെ 7 മതങ്ങളെ ന്യൂനപക്ഷ മതങ്ങളായി അംഗീകരിച്ചു കൊണ്ടാണ് പുതിയ പാഠ്യപദ്ധതി സൃഷ്ടിച്ചിരിക്കുന്നത്. ഇതുവരെ എല്ലാ കുട്ടികളും മതപഠനത്തിന്റെ സമയത്ത് ഇസ്ലാമിനെ കുറിച്ചു മാത്രമേ പഠിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.

പുതിയ പാഠ്യപദ്ധതിയില്‍ വിവിധ മതങ്ങളെ കുറിച്ചുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിന് അതതു മതങ്ങളില്‍ നിന്നുള്ള പണ്ഡിതരെയാണ് ചുമതലപ്പെടുത്തിയത്. ക്രൈസ്തവ വിശ്വാസത്തെ കുറിച്ചുള്ള പാഠ്യപദ്ധതി തയ്യാറാക്കുന്നതില്‍ യാതൊരു ഇടപെടലും സര്‍ക്കാര്‍ നടത്തിയില്ലെന്നും നേതാക്കള്‍ സൂചിപ്പിച്ചു. പുതിയ പാഠ്യപദ്ധതി 2025 ലെ വിദ്യാഭ്യാസ വര്‍ഷത്തില്‍ നടപ്പില്‍ വരും.

പാഠ്യപദ്ധതി രൂപീകരിച്ചിട്ടുണ്ടെങ്കിലും അത് നടപ്പില്‍ വരുത്തുന്നതിന്റെ പ്രായോഗിക വെല്ലുവിളികള്‍ വലുതായിരിക്കുമെന്ന് ന്യൂനപക്ഷ നേതാക്കള്‍ ആശങ്കപ്പെടുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായ പല നയപരിപാടിളും പാക്കിസ്ഥാനില്‍ മുമ്പും ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല എന്ന് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. പാക്കിസ്ഥാനിലെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഷഹബാസ് ഭട്ടിയെ കുറിച്ചുള്ള പാഠം പുതിയ പാഠപുസ്തകത്തില്‍ ഉണ്ട്. അദ്ദേഹത്തെ സഭ ഇപ്പോള്‍ ദൈവദാസനായി പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ 20 വര്‍ഷമായി വിവിധ ന്യൂനപക്ഷ മത നേതാക്കള്‍ ഉന്നയിച്ചു വരുന്ന ആവശ്യമാണ് നിര്‍ബന്ധിത ഇസ്ലാമിക മതപഠനം ഇല്ലാതാക്കണം എന്നത്. അതുകൊണ്ട് തന്നെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് ഇത് അപൂര്‍വമായി ലഭിക്കുന്ന ഒരു സദ്‌വാര്‍ത്തയാണെന്ന് സഭാ നേതാക്കള്‍ വിശദീകരിച്ചു.

ഹിന്ദു, ബുദ്ധ, സൊരാഷ്ട്രിയ, സിക്ക്, ബഹായി എന്നീ മതങ്ങളും കാലാഷ് എന്ന ആദിവാസി മതവുമാണ് ക്രിസ്തുമതത്തിനു പുറമേ മറ്റു ആറു ന്യൂനപക്ഷ മതങ്ങള്‍. പാക്കിസ്ഥാനിലെ ജനസംഖ്യയുടെ 95 ശതമാനവും മുസ്ലിങ്ങളാണ്. രണ്ട് ശതമാനം ഹിന്ദുക്കളും ഒരു ശതമാനം ക്രിസ്ത്യാനികളും ഉണ്ട്. ക്രിസ്ത്യാനികള്‍ 20 ലക്ഷവും ഹൈന്ദവര്‍ 40 ലക്ഷവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org