ഉക്രെയിനില്‍ നമുക്കു യഥാര്‍ത്ഥ സമാധാന സ്ഥാപകരാകാം: റഷ്യന്‍ പാത്രിയര്‍ക്കീസിനോടു മാര്‍പാപ്പ

ഉക്രെയിനില്‍ നമുക്കു യഥാര്‍ത്ഥ സമാധാന സ്ഥാപകരാകാം: റഷ്യന്‍ പാത്രിയര്‍ക്കീസിനോടു മാര്‍പാപ്പ

യുദ്ധബാധിതമായ ഉക്രെയിനില്‍ യഥാര്‍ത്ഥ സമാധാനസ്ഥാപകരായി മാറാന്‍ പരിശുദ്ധാത്മാവു തങ്ങളുടെ ഹൃദയങ്ങളെ പരിവര്‍ത്തിപ്പിക്കട്ടെയെന്നു റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസിനയച്ച ഈസ്റ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ ആശംസിച്ചു. മരണത്തില്‍ നിന്നു പുതുജീവനിലേയ്ക്കു പ്രവേശിക്കുന്ന ക്രിസ്തു ഉക്രെനിയന്‍ ജനതയ്ക്ക് ഒരു യാഥാര്‍ത്ഥ്യമായി മാറുന്നതിന് ഇതാവശ്യമാണെന്നും ആ ജനത യുദ്ധത്തിന്റെ അന്ധകാരം അവസാനിക്കുന്ന ഒരു നവപ്രഭാതത്തിനായി ദാഹിക്കുകയാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഓര്‍ത്തഡോക്‌സ് സഭയുടെ ഈസ്റ്റര്‍ ആഘോഷത്തോടനുബന്ധിച്ചായിരുന്നു മാര്‍പാപ്പയുടെ സന്ദേശം. ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ ഈസ്റ്റര്‍ ആഘോഷം ഇതര ക്രൈസ്തവരുടെ ഈസ്റ്റര്‍ കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണ്. പാപ്പായുടെ ഈസ്റ്റര്‍ സന്ദേശം റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച് പതിനാറിന് മാര്‍പാപ്പയും റഷ്യന്‍ പാത്രിയര്‍ക്കീസും വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിച്ചിരുന്നു. ഉക്രെയിന്‍ യുദ്ധമായിരുന്നു സംഭാഷണവിഷയം. ഒരുകാലത്തു ക്രൈസ്തവസഭകള്‍ വിശുദ്ധമായ അഥവാ ന്യായമായ യുദ്ധം എന്ന സങ്കല്‍പത്തെ കുറിച്ചു സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ന് അതുപോലെ പറയാനാകില്ലെന്നും ആ സംഭാഷണത്തില്‍ പാപ്പാ സൂചിപ്പിച്ചിരുന്നു. സമാധാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ക്രൈസ്തവമനഃസാക്ഷി കൂടുതല്‍ വികാസം നേടിയതിനെ തുടര്‍ന്നാണിത് എന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

റഷ്യന്‍ പ്രസിഡന്റ് പുടിനുമായി പാത്രിയര്‍ക്കീസ് അടുത്ത ബന്ധം പുലര്‍ത്തുവെന്നാണു കരുതപ്പെടുന്നത്. യുദ്ധം ഒഴിവാക്കാന്‍ ഇടപെടണമെന്നു പാത്രിയര്‍ക്കീസിനോടു യൂറോപ്പിലെ എല്ലാ കത്തോലിക്കാമെത്രാന്മാരും സംയുക്തമായി ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org