

രക്തസാക്ഷിയായ റോമന്‍ കന്യക വിശുദ്ധ ആഗ്നസിന്റെ തിരുനാള്‍ ദിനത്തില്‍, രണ്ട് ചെമ്മരിയാട്ടിന്‍ കുട്ടികളെ ലിയോ മാര്‍പാപ്പ അപ്പസ്‌തോലിക് പാലസിലെ ഉര്‍ബന്‍ എട്ടാമന്‍ ചാപ്പലില്‍ സ്വീകരിച്ച് ആശീര്‍വദിച്ചു. ആര്‍ച്ചുബിഷപുമാരെ അണിയിക്കുന്നതിനുള്ള സ്ഥാന ചിഹ്നമായ പാലിയം നിര്‍മ്മിക്കുന്നതിനുള്ള രോമം ഈ ആടുകളില്‍ നിന്നാണ് എടുക്കുക.
വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹാമാരുടെ തിരുനാള്‍ ദിനമായ ജൂണ്‍ 29 നാണ്, ഓരോ വര്‍ഷവും അഭിഷേകം ചെയ്യപ്പെടുന്ന പുതിയ ആര്‍ച്ചുബിഷപുമാരെ റോമില്‍ വച്ച് മാര്‍പാപ്പ പാലിയം അണിയിക്കുക. അതുവരെ റോമിലെ വിശുദ്ധ സെസിലിയ ബസിലിക്കയിലെ ബെനഡിക്‌ടൈന്‍ സന്യാസിനിമാരാണ് ഈ ആടുകളെ സംരക്ഷിക്കുക.
പാലിയം ഉണ്ടാക്കുന്നതിനുള്ള ചെമ്മരിയാടുകളെ വിശുദ്ധ ആഗ്നസിന്റെ തിരുനാള്‍ ദിനത്തില്‍ മാര്‍പാപ്പമാര്‍ ആശീര്‍വദിക്കുന്ന പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇത് 2017-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പക്ഷേ നിര്‍ത്തിവച്ചിരുന്നു. അതാണിപ്പോള്‍ പുനരാരംഭിക്കപ്പെട്ടത്.
എഡി 34 റോമില്‍ വച്ച്, 13-ാം വയസ്സില്‍ തന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കന്യകയാണ് വിശുദ്ധ ആഗ്നസ്. ശുദ്ധതയുടെയും രക്തസാക്ഷിത്വത്തിന്റെയും പ്രതീകമാണ് വിശുദ്ധയുടെ തിരുനാള്‍ ദിനത്തില്‍ സമര്‍പ്പിക്കപ്പെടുന്ന ആട്ടിന്‍കുട്ടി കള്‍. ആഗ്നസ് എന്ന വാക്കിന് ലത്തീന്‍ ഭാഷയില്‍ അര്‍ഥവും ആട്ടിന്‍കുട്ടി എന്നാണ്.