12 ദിവസങ്ങള്‍, 7 വിമാനയാത്രകള്‍, 20,000 മൈലുകള്‍: പാപ്പയുടെ ഏഷ്യന്‍-ഒഷ്യാനിയ പര്യടനം

12 ദിവസങ്ങള്‍, 7 വിമാനയാത്രകള്‍, 20,000 മൈലുകള്‍: പാപ്പയുടെ ഏഷ്യന്‍-ഒഷ്യാനിയ പര്യടനം

എണ്‍പത്തിയേഴുകാരനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും കഠിനമെന്നു വിശേഷിപ്പിക്കാവുന്ന അന്താരാഷ്ട്രപര്യടനത്തിന്റെ കാര്യപരിപാടി വത്തിക്കാന്‍ പ്രഖ്യാപിച്ചു. സെപ്തംബറില്‍, 12 ദിവസം കൊണ്ട് ഏഷ്യയിലെയും ഒഷ്യാനിയയിലെയും നാലു രാജ്യങ്ങളാണു പാപ്പ സന്ദര്‍ശിക്കുക. ഏഴു വിമാനയാത്രകളിലായി 20,000 മൈലുകള്‍ ഈ പര്യടനത്തിനായി പാപ്പ യാത്ര ചെയ്യും.

സെപ്തംബര്‍ 2 ന് ഇന്‍ഡോനേഷ്യയിലാണ് പാപ്പയുടെ പര്യടനം തുടങ്ങുക. ലോകത്തില്‍ ഏറ്റവുമധികം മുസ്‌ലീങ്ങളുള്ള രാജ്യമായ ഇന്‍ഡോനേഷ്യയില്‍ ഒരു മതാന്തരസമ്മേളനത്തില്‍ പാപ്പ അധ്യക്ഷം വഹിക്കും. തലസ്ഥാനമായ ജക്കാര്‍ത്തയിലെ പ്രസിദ്ധമായ ഇസ്തിഖ്‌ലാല്‍ മോസ്‌കിലായിരിക്കും ഈ സമ്മേളനം. ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ മുസ്ലീം ആരാധനാലയമാണിത്. പ്രസിഡന്‍ഷ്യല്‍ പാലസില്‍ രാഷ്ട്രീയനേതാക്കളെ കാണുന്ന പാപ്പ, ജക്കാര്‍ത്ത കത്തീഡ്രലില്‍ സഭാനേതാക്കളും പുരോഹിതരും സന്യസ്തരുമായി കൂടിക്കാഴ്ച നടത്തും. അതിനു മുമ്പ് ഇന്‍ഡോനേഷ്യയിലെ ഈശോസഭാ വൈദികര്‍ക്കു സ്വകാര്യകൂടിക്കാഴ്ചയും അനുവദിച്ചിട്ടുണ്ട്.

22.9 കോടി വരുന്ന ഇന്‍ഡോനേഷ്യന്‍ മുസ്ലീങ്ങളാണ് ലോക മുസ്ലീം ജനസംഖ്യയിലെ 12% വും. 2.9 കോടി ക്രൈസ്തവരില്‍ 70 ലക്ഷമാണു കത്തോലിക്കര്‍.

ഇന്‍ഡോനേഷ്യയില്‍ നിന്നു പാപുവ ന്യൂഗിനിയയിലേക്കു പോകുന്ന പാപ്പ അവിടെ തെരുവുകുട്ടികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്ന സന്നദ്ധപ്രവര്‍ത്തകരെ കാണും. അവിടത്തെ ഏറ്റവും വലിയ ഒരു സ്റ്റേഡിയത്തില്‍ ഞായറാഴ്ച ദിവ്യബലി അര്‍പ്പിക്കും.

സെപ്തംബര്‍ 9 നു പാപ്പ ഈസ്റ്റ് തിമൂറിലെത്തും. ജനസംഖ്യയില്‍ 97%വും കത്തോലിക്കരായ ഒരു രാജ്യമാണിത്. ഈസ്റ്റ് തിമൂറില്‍ നിന്നു പാപ്പ സിംഗപ്പൂരിലേക്കാണു പോകുക. ലോകത്തില്‍ ഏറ്റവുമധികം ജനസാന്ദ്രതയുള്ള രണ്ടാമത്തെ രാജ്യവും ഏഷ്യയിലെ ഏറ്റവുമധികം പ്രതിശീര്‍ഷവരുമാനവുമുള്ള സിംഗപ്പൂരിലെ ലോകപ്രസിദ്ധമായ ചംഗി വിമാനത്താവളത്തിലെത്തുന്ന പാപ്പ പ്രസിഡന്റും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇവിടെയും സ്റ്റേഡിയത്തില്‍ പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയര്‍പ്പണമുണ്ട്. ഇവിടെ നിന്നു സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ചാര്‍ട്ടേഡ് വിമാനത്തിലാകും റോമിലേക്കുള്ള 6000 മൈല്‍ ദൂരം വരുന്ന മടക്കയാത്ര.

2024-ലെ പാപ്പയുടെ ആദ്യവിദേശയാത്രയായിരിക്കും ഇത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം യാത്രാപരിപാടികള്‍ പാപ്പ കുറച്ചിരിക്കുകയാണ്. ദുബായിയിലേക്കുള്ള യാത്ര പാപ്പ റദ്ദാക്കിയിരുന്നു. സെപ്തംബര്‍ അവസാനം പാപ്പ ബെല്‍ജിയവും ലക്‌സംബര്‍ഗും സന്ദര്‍ശിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org