കത്തോലിക്കാ സംഘടനയ്‌ക്കെതിരെ രാജ്യദ്രോഹ ആരോപണവുമായി പാക് സര്‍ക്കാര്‍

കത്തോലിക്കാ സംഘടനയ്‌ക്കെതിരെ രാജ്യദ്രോഹ ആരോപണവുമായി പാക് സര്‍ക്കാര്‍

മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കത്തോലിക്കാസംഘടനയുടേത് രാജ്യദ്രോഹപരമായ പ്രവര്‍ത്തനമാണെന്ന പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ ആരോപണങ്ങള്‍ സംഘടന നിഷേധിച്ചു. സംഘടനയില്‍ ഹിന്ദു, മുസ്ലീം അംഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന സംഘടനയ്‌ക്കെതിരെ സംസ്ഥാനഗവണ്‍മെന്റിനോട് നടപടി സ്വീകരിക്കാന്‍ പാക് കേന്ദ്ര ഭരണകൂടം നിര്‍ദേശിച്ചിരുന്നു. ജൂലൈയില്‍, ഐക്യരാഷ്ട്രസഭയ്ക്ക് പാക്കിസ്ഥാനിലെ മനുഷ്യാവകാശലംഘനങ്ങളുടെ നിജസ്ഥിതി സംബന്ധിച്ചു നല്‍കിയ റിപ്പോര്‍ട്ടാണ് പാക് ഭരണകൂടത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത് പാക്കിസ്ഥാനിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമാണെന്നു സെന്റര്‍ മേധാവിയായ പീറ്റര്‍ ജേക്കബ് പ്രസ്താവിച്ചു. നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ മൂലം പാക്കിസ്ഥാനില്‍ പൊതുസംഘടനാ പ്രവര്‍ത്തനം നടത്തുക ദുഷ്‌കരമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ യു എന്നിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് മറ്റ് ഒമ്പതു പാക് മനുഷ്യാവകാശസംഘടനകള്‍ കൂടി ശരി വച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക് കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ നീതി-സമാധാന കമ്മീഷനും ഈ റിപ്പോര്‍ട്ടിനെ പിന്തുണച്ചിട്ടുണ്ട്. മതദൂഷണനിയമത്തിന്റെ ദുരുപയോഗം, നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍, പക്ഷഭേദപരമായ സ്‌കൂള്‍ പാഠ്യപദ്ധതി, ന്യൂനപക്ഷകമ്മീഷനുകളുടെ വൈകിയുളള രൂപീകരണം തുടങ്ങിയ വിഷയങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org