
ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥസാന്നിദ്ധ്യം ഉണ്ട് എന്ന വിശ്വാസം കത്തോലിക്കരെയും ഓര്‍ത്തഡോക്‌സുകാരെയും ഐക്യപ്പെടുത്തുന്ന സുപ്രധാന ഘടകമാണെന്ന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്താ ഹിലാരിയോണ്‍ പ്രസ്താവിച്ചു. ബുഡാപെസ്റ്റിലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ് ഹിലാരിയോണ്‍. കൂദാശാസമര്‍പ്പണത്തിനു ശേഷം വി. കുര്‍ബാനയിലെ അപ്പത്തിലും വീഞ്ഞിലും ഉള്ളത് ക്രിസ്തുവിന്റെ പ്രതീകാത്മകസാന്നിദ്ധ്യമല്ല, മറിച്ച് പൂര്‍ണവും യഥാര്‍ത്ഥവുമായ സാന്നിദ്ധ്യമാണ് എന്ന ബോദ്ധ്യം കത്തോലിക്കര്‍ക്കും ഓര്‍ത്തഡോക്‌സുകാര്‍ക്കും ഒരുപോലെയാണ് – അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഇതരസഭാബന്ധങ്ങള്‍ക്കുള്ള കാര്യാലയത്തിന്റെ അദ്ധ്യക്ഷനാണ് ആര്‍ച്ചുബിഷപ് ഹിലാരിയോണ്‍.
വി. കുര്‍ബാനയിലെ അപ്പവും വീഞ്ഞും കര്‍ത്താവായ യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണെന്നു നാം വിശ്വസിക്കുന്നു – അദ്ദേഹം തുടര്‍ന്നു. വി. കുര്‍ബാനയര്‍പ്പണം അന്ത്യ അത്താഴത്തിന്റെ സ്മരണ മാത്രമല്ല, മറിച്ച് പങ്കെടുക്കുന്ന ഓരോ വിശ്വാസിയെയും സംബന്ധിച്ച് ആ വിരുന്നിന്റെ സാക്ഷാത്കാരം തന്നെയാണ്. കാര്‍മികന്‍ സ്വന്തം നിലയ്ക്കല്ല ദിവ്യബലിയില്‍ പ്രവര്‍ത്തിക്കുന്നത്. യേശുവിനു വേണ്ടിയാണ്. അന്ത്യ അത്താഴത്തിലെ തന്റെ വാക്കുകള്‍ യേശു തന്നെയാണ് വി. കുര്‍ബാനയില്‍ ഉച്ചരിക്കുന്നത്. വൈദികനോ മെത്രാ നോ അല്ല, ക്രിസ്തു തന്നെയാണ് തന്റെ അനുയായികള്‍ക്ക് കൂദാശ വിതരണം ചെയ്യുന്നത് – ഓര്‍ത്തഡോക്‌സ് ആര്‍ച്ചുബിഷപ് വിശദീകരിച്ചു.