
കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പോപ് തവദ്രോസ് രണ്ടാമന്റെ വത്തിക്കാന്‍ സന്ദര്‍ശനം സഭൈക്യരംഗത്തു പുതിയ ചരിത്രം സൃഷ്ടിച്ചു. മാര്‍പാപ്പയുടെ പ്രതിവാര പൊതുദര്‍ശനവേളയില്‍ ഇരു സഭാദ്ധ്യക്ഷന്മാരും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടത് വലിയ ആദരപ്രകടനമായി വീക്ഷിക്കപ്പെടുന്നു. പോപ് തവദ്രോസ് അറബി ഭാഷയിലാണ് തന്റെ പ്രസംഗമാരംഭിച്ചത്.
1973 ല്‍ അന്നത്തെ മാര്‍പാപ്പ പോള്‍ ആറാമനും കോപ്റ്റിക് സഭാദ്ധ്യക്ഷനായിരുന്ന പോപ് ഷെനൗദാ മൂന്നാമനും തമ്മില്‍ അലക്‌സാണ്ട്രിയായില്‍ വച്ചു നടത്തിയ ചരിത്രപ്രധാനമായ കൂടിക്കാഴ്ചയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പോപ് തവദ്രോസ് രണ്ടാമന്‍ റോമിലെത്തിയത്. കത്തോലിക്കാസഭയുടെയും കോപ്റ്റിക് സഭയുടെയും നേതാക്കള്‍ നടത്തിയ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു 1973 ലേത്. 1973 മെയ് 10 നു ക്രിസ്തുവിജ്ഞാനീയപരമായ ഒരു സംയുക്തപ്രഖ്യാനത്തില്‍ ഇരു സഭാദ്ധ്യക്ഷന്മാരും ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു.
പത്തു വര്‍ഷം മുമ്പ് പോപ് തവദ്രോസ് റോമിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു. അന്നു മുതല്‍ മെയ് പത്ത് എല്ലാ വര്‍ഷവും കോപ്റ്റിക് - കത്തോലിക്കാ സൗഹൃദദിനമായി ആചരിച്ചു പോരുന്നുണ്ട്. അന്നു മുതല്‍ തങ്ങല്‍ പലപ്പോഴും ഫോണില്‍ സംസാരിക്കുകയും ആശംസകള്‍ അയക്കുകയും നല്ല സഹോദരന്മാരായി തുടര്‍ന്നു പോരികയും ചെയ്യുന്നുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
വി. മര്‍ക്കോസിന്റെ സിംഹാസനമായി കരുതപ്പെടുന്ന അലക്‌സാണ്ട്രിയായുടെ 118-ാമത്തെ പോപ്പാണ് തവദ്രോസ് രണ്ടാമന്‍. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയില്‍ ഒരു കോടി വിശ്വാസികളുണ്ടെന്നാണു കണക്ക്. ഇവരില്‍ 90 ശതമാനവും ഈജിപ്തിലാണു കഴിയുന്നത്.