
മരിക്കാനുള്ള സഹായത്തെ നിയമ വിധേയമാക്കുന്ന വിവാദ ബില്‍ ഫ്രാന്‍സിലെ ദേശീയ അസംബ്ലി അംഗീകരിച്ചതിനെ ഫ്രഞ്ച് കത്തോലിക്ക മെത്രാന്‍ സംഘം നിശിതമായി വിമര്‍ശിച്ചു. ജീവന്റെ അന്തസ്സിനും രാജ്യത്തിന്റെ സാമൂഹ്യ ഘടനയ്ക്കും എതിരായ ഗുരുതരമായ ഒരു ഭീഷണിയാണ് ഈ പുതിയ നിയമമെന്ന് മെത്രാന്മാര്‍ അഭിപ്രായപ്പെട്ടു.
199 നെതിരെ 355 വോട്ടുകള്‍ക്കാണ് ഫ്രഞ്ച് നാഷണല്‍ അസംബ്ലിയില്‍ വിവാദ നിയമഭേദഗതി അംഗീകരിക്കപ്പെട്ടത്. മരിക്കുന്നതിനു സഹായം സ്വീകരിക്കുക അവകാശമാണ് എന്ന് സ്ഥാപിക്കുന്നതാണ് പുതിയ നിയമ ഭേദഗതി.
സാന്ത്വനപരിചരണം മെച്ചപ്പെടുത്താനുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ നീക്കങ്ങള്‍ സ്വാഗതാര്‍ഹമായിരിക്കുമ്പോള്‍ തന്നെ കാരുണ്യവധത്തെ നിയമപരമായി സ്ഥാപനവല്‍ക്കരിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് മെത്രാന്‍ സംഘം വ്യക്തമാക്കി.
നിയമത്തിനെതിരായ ബോധ വല്‍ക്കരണവും ചര്‍ച്ചകളും തുടരുമെന്നും മെത്രാന്മാര്‍ പറഞ്ഞു. പാസാക്കിയിരിക്കുന്ന നിയമ ഭേദഗതി ഇനി സെനറ്റില്‍ സമര്‍പ്പിക്കുകയും പിന്നീട് ഈ വര്‍ഷം അവസാനം അസംബ്ലിയിലേക്ക് തിരികെ വരുകയും ചെയ്യും.
രാജ്യത്തുടനീളം സേവന നിരതരായിരിക്കുന്ന എണ്ണൂറിലേറെ ഹോസ്പിറ്റല്‍ ചാപ്ലിന്‍മാര്‍, 1500 സന്നദ്ധ പ്രവര്‍ത്തകര്‍, 5000 ഹോംനേഴ്‌സുമാര്‍, എണ്ണമറ്റ വൈദികര്‍, ഡീക്കന്മാര്‍ എന്നിവരില്‍ നിന്നും ലഭ്യ മാകുന്ന അവരുടെ അനുദിന അനുഭവങ്ങളുടെ വെളിച്ചത്തില്‍, മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി സംസാരിക്കാനുള്ള അധികാരവും കടമയും സഭയ്ക്കു ണ്ടെന്ന് മെത്രാന്മാര്‍ വ്യക്തമാക്കി.
2022-ല്‍ ഈ നിയമ ഭേദഗതിക്കുള്ള നീക്കം തുടങ്ങിയപ്പോള്‍ തന്നെ സഭ അതിനെതിരായ പ്രചാരണം ആരംഭിച്ചിരുന്നു. സാന്ത്വന പരിചരണ സേവനങ്ങള്‍ ഫ്രാന്‍സില്‍ ഇനിയും വ്യാപക മാക്കേണ്ടതുണ്ടെന്നും ആ രംഗത്ത് ഗൗരവതരമായ നിക്ഷേപങ്ങള്‍ ആവശ്യമായിരിക്കുന്നുവെന്നും മെത്രാന്മാര്‍ വ്യക്തമാക്കി.