ലോകദരിദ്രദിനം സഭ ആചരിച്ചു

The Church observed the World Day of the Poor
Published on: 

വത്തിക്കാന്‍ സുവിശേഷവൽക്കരണ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ 15-ന്, ലോകദരിദ്രദിനാചരണം നടത്തി. ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ലാറ്റിനമേരി ക്കന്‍ പര്യടനത്തിനുശേഷം, നവംബര്‍ 22-ന് പാവപ്പെട്ടവര്‍ക്കു മാര്‍പാപ്പയോടൊപ്പമുള്ള ഉച്ചഭക്ഷണവും സജ്ജീകരിച്ചിരി ക്കുന്നു. സംഗീതവിരുന്നും ഇതിന്റെ ഭാഗമായിരിക്കും.

2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കീഴില്‍ സ്ഥാപിത മായ മാദ്രെ ഡി മിസെറികോര്‍ഡിയ ക്ലിനിക്കും 2025 മുതല്‍ പ്രവര്‍ത്തിക്കുന്ന സാന്‍ മാര്‍ട്ടിനോ ക്ലിനിക്കും റോമിലെ പാവപ്പെട്ടവര്‍ക്കും ഭവനരഹിതര്‍ക്കും സൗജന്യ വൈദ്യപരി ശോധനയും മരുന്നുകളും നല്കുന്നത് തുടരുകയാണ്. ലോക ദരിദ്രദിനത്തോടനുബന്ധിച്ചുള്ള ആഴ്ചയില്‍, ജനറല്‍-സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ പരിശോധനകള്‍, കാന്‍സര്‍ സ്‌ക്രീനിംഗുകള്‍, ഫ്ളൂ വാക്‌സിനുകള്‍, രക്തപരിശോധനകള്‍ എന്നിവ നല്കുന്നതിനായി ഈ ക്ലിനിക്കുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്നുണ്ട്. രേഖകളില്ലാതെ കുടിയേറ്റക്കാരായും മറ്റും എത്തിയവര്‍ക്കു സര്‍ക്കാര്‍ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ അവര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങളും വത്തിക്കാന്റെ ക്ലിനിക്കില്‍ സജ്ജമാക്കിയിട്ടുണ്ട്.

26 വിഭാഗങ്ങളിലായി ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, ടെക്‌നീഷ്യന്‍മാര്‍, നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടെ 120 സന്നദ്ധപ്രവര്‍ത്തകരാണ് ഈ രണ്ട് ക്ലിനിക്കുകളും നടത്തുന്നത്. എവിടെ പോകണമെന്നറിയാത്ത ഈ ആളുകള്‍ ഇവിടെയെത്തുകയും കാര്‍ഡിയോളജി, ഒഫ്താല്‍മോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുടെ സേവനം നേടുകയും ചെയ്യുന്നുണ്ടെന്ന് വത്തിക്കാന്‍ അധികാരികള്‍ അറിയിച്ചു.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞ ‘ദരിദ്രര്‍ പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നമല്ല, മറിച്ച് സ്വാഗതം ചെയ്യപ്പെടേണ്ടവരും സ്‌നേഹിക്കപ്പെടേണ്ടവരുമായ മനുഷ്യരാണ്’ എന്ന വാക്കുകളാണ് പത്താമതു ലോക ദരിദ്രദിനത്തില്‍ പ്രത്യേകമായി അനുസ്മരിക്കപ്പെടുന്നത്.